
വാഷിംഗ്ടൻ: ഹിൽട്ടൻ ഹോട്ടലിൽ നടന്ന വെടിവെപ്പിനെ തുടർന്ന് വൈറ്റ്ഹൗസിൽ നടന്ന ഒരു അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷുഭിതനായി പ്രതികരിച്ചു. മാധ്യമപ്രവർത്തകർ ഭീകരരാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വെടിവെപ്പ് നടന്ന് 24 മണിക്കൂർ തികയുന്നതിനു മുമ്പ് സിബിഎസ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് ട്രംപിന് സംയമനം നഷ്ടമായത്. കേസിലെ പ്രതി കോൾ അലന്റെ പ്രവർത്തന പദ്ധതി ചാനൽ റിപ്പോർട്ടർ ട്രംപിനു മുന്നിൽ വായിച്ചു. "ഒരു പീഡകനും ബലാത്സം നടത്തുന്നവനും രാജ്യദ്രോഹിയുമായ ഒരാളുടെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ ഇനി എനിക്ക് കഴിയില്ല," എന്ന പ്രതിയുടെ പരാമർശമാണ് ട്രംപിനെ ചൊടിപ്പിച്ചത്.
"നിങ്ങൾ അത് വായിക്കുമെന്ന് എനിക്കറിയാമായിരുന്നു, കാരണം നിങ്ങൾ അത്രയ്ക്ക് ഭീകരമായ മനുഷ്യരാണ്. അതെ, അയാൾ അത് എഴുതിയിട്ടുണ്ട്. പക്ഷേ ഞാൻ ഒരു ബലാത്സംഗക്കാരനല്ല, ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല," ട്രംപ് പറഞ്ഞു.
അതേസമയം, അക്രമി താങ്കളെക്കുറിച്ചാണോ ഇത് സൂചിപ്പിച്ചത് എന്ന ചോദ്യത്തിന് ട്രംപ് നേരിട്ട് മറുപടി നൽകിയില്ല. പകരം, താൻ ഒരു പീഡകനല്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. അന്തരിച്ച വ്യവസായി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് അഭിമുഖത്തിൽ പരാമർശിച്ചില്ലെങ്കിലും, അത്തരം സൂചനകൾ നൽകാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.
ഏതോ ഒരു മനോരോഗി എഴുതിയ വിഡ്ഢിത്തങ്ങളാണ് നിങ്ങൾ വായിക്കുന്നത്. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുകയാണ്. താൻ എല്ലാ ആരോപണങ്ങളിൽ നിന്നും മുക്തനായതാണ് എന്നും ട്രംപ് പറഞ്ഞു. ഇത് വായിച്ച മാധ്യമപ്രവർത്തക ഒരു നാണക്കേടാണ് എന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.






