
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തന്റെ രണ്ടാം വരവിലാണ് പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിച്ചത്. സ്കൂള്‍ തലം മുതല്‍ വേദിയില്‍ തിളങ്ങിയിരുന്ന താരം പിന്നീട് ബാലതാരമായും നായികയായും പ്രേക്ഷകരുടെ മനസ്സിലിടം നേടി. കരിയറിന്റെ പീക്ക് ടൈമില്‍ നടന് ദിലീപിനെ വിവാഹം ചെയ്ത് മീനാക്ഷിയുടെ അമ്മ കൂടി ആയതോടെ തീര്‍ത്തും കുടുംബിനിയായി മഞ്ജു ഒതുങ്ങിപ്പോയിരുന്നു. എന്നാല്‍ ദാമ്പത്യജീവിതത്തിലുണ്ടായ വിള്ളലുകള്‍ കാരണം വീണ്ടും തന്റെ പാഷനിലേക്ക് തിരിച്ചെത്തിയ മഞ്ജു, മലയാളത്തില്‍ മാത്രമല്ല തമിഴിലടക്കം തിളങ്ങി.
മടങ്ങി വരവില്‍ യാത്രകളെയും ബൈക്ക് റൈഡിംഗിനെയും കൂടെ കൂട്ടിയ താരം ഫാഷനിലും അപ്റ്റുഡേറ്റാണ്. കോളജ് കുമാരികള് പോലും അമ്പരന്നു പോകുന്ന ലുക്കിലാണ് താരം മിക്കപ്പോഴും പൊതുവേദികളിലെത്താറുള്ളത്. പ്രായം റിവേഴ്സ് ഗിയറില്‍ മാത്രം സഞ്ചരിക്കുന്ന മഞ്ജുവിന്റെ സിഗ്നേച്ചര്‍ ചിരിയും പ്രസന്നതയുള്ള മുഖവും ഫാഷന്‍ ലുക്കുകളുമൊക്കെ എന്നും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിസ്റ്റർ എക്സ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊറിയൻ പ്രെപ്പി ലുക്കിലാണ് താരമെത്തിയത്. കെ-ഡ്രാമ, കെ-പോപ്പ് താരങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള വെസ്റ്റ് ഓവർ ഷർട്ട് താരത്തിന് കൂടുതല്‍ യൂത്ത് ലുക്ക് നല്‍കുന്നുണ്ട്. കൊറിയൻ സ്ട്രീറ്റ് സ്റ്റൈലിന്റെ പ്രധാന ഭാഗമായ വൈഡ്-ലെഗ് ജീൻസും അയഞ്ഞ ടോപ്പും താരത്തിന് ക്യൂട്ട് ലുക്ക് നല്കുന്നു. ഇളം നീല, വെള്ള, കറുപ്പ് തുടങ്ങിയ ലളിതമായ നിറങ്ങളാണ് താരം തന്റെ ലുക്കിനു വേണ്ടി സെലക്ട് ചെയ്തത്. ‘‘എപ്പോഴും സ്നേഹിക്കുക, എല്ലായിടത്തും സ്നേഹിക്കുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ‘ഓരോ പോസ്റ്റിലും ചെറുപ്പമാകുന്നുണ്ട്, സത്യം...’ എന്നാണ് സാനിയ അയ്യപ്പന് നല്കിയ കമന്റ്.
കൊറിയൻ പ്രെപ്പി ഫാഷൻ യുവതി യുവാക്കള്‍ക്കിടയില്‍ ശരിക്കും ട്രെന്‍ഡാണ്. അതുകൊണ്ട് തന്നെ പോസ്റ്റിനു താഴെ താരത്തിന്റെ ക്യൂട്ട് ലുക്കിനെ പ്രശംസിച്ചുള്ള കമന്റുകളാണ്. മഞ്ജുവിന്റെ സ്റ്റൈലിനെ നിരവധി ആരാധകർ ജനപ്രിയ കെ-ഡ്രാമ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്തിട്ടുണ്ട്.
മഞ്ജുവിനൊപ്പം ആര്യ, ശരത്കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘മിസ്റ്റർ എക്സ്’. ഈ സിനിമയിലെ മഞ്ജു വാര്യരുടെ തീപാറുന്ന ആക്ഷൻ സീക്വൻസുകളും ആര്യ- ശരത്കുമാർ ഉൾപ്പെടെ തെന്നിന്ത്യൻ താരങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനവും പ്രേക്ഷകർക്ക് മികച്ച തിയേറ്ററിക്കൽ എക്സ്പീരിയൻസ് നൽകുന്നുണ്ട്. ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കി രാജ്യത്തെ നടുക്കിയ അഞ്ചു സംഭവങ്ങൾ ചേര്‍ന്നതാണ് ഇതിന്റെ കഥ. ഗൗതം കാർത്തിക്, അതുല്യ രവി,അനഘ,റൈസ വിൽസൺ എന്നിവരാണ് മറ്റ് താരങ്ങൾ.






