
ന്യുഡല്‍ഹി: ആഴ്ചകളായി കേരളത്തെ ചുട്ടുപൊള്ളിച്ചിരുന്ന കഠിനമായ ചൂടിന് അറുതിയാകുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തുടനീളം വേനല്‍മഴ സജീവമായതാണ് അന്തരീക്ഷ താപനിലയില്‍ മാറ്റം വരാന്‍ കാരണമായിരിക്കുന്നത്. ഇതിന് പുറമേ ആന്ധ്രാപ്രദേശിനും കര്‍ണാടകയ്ക്കും മുകളിലായി നിലനിന്നിരുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുകയും ചെയ്തിട്ടുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ആശ്വാസമുണ്ടെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കഠിനമായ ചൂട് തുടരുകയാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബാന്ധയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി യത്. ഡല്‍ഹിയില്‍ ഉഷ്ണതരംഗത്തോടൊപ്പം ശക്തമായ പൊടിക്കാറ്റും ജനജീവിതത്തെ ബാധിക്കുന്നുണ്ട്. എങ്കിലും പുലര്‍ച്ചെ ലഭിച്ച നേരിയ മഴ നേരിയ ആശ്വാസം നല്കുന്നു. പകല്‍ 11 മണി മുതല്‍ 4 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.






