
അധികാര കേന്ദ്രങ്ങള്‍ സാധാരണക്കാരോട് പുലര്‍ത്തുന്ന മനുഷ്യത്വമില്ലായ്മയുടെ ഞെട്ടിക്കുന്ന കാഴ്ചയാണ് ബീഹാറിലെ കതിഹാറില്‍ നിന്ന് പുറത്തുവരുന്നത്. രോഗബാധിതയായ ഒരു അംഗന്‍വാടി ജീവനക്കാരിക്കാണ്, തന്റെ അസുഖം ബോധ്യപ്പെടുത്താന്‍ ആശുപത്രി കിടക്കയില്‍ നിന്നും ഐവി ഡ്രിപ്പുമായി ഉദ്യോഗസ്ഥരെ കാണാന്‍ എത്തേണ്ടി വന്നത്. അവധി ലഭിക്കാനോ മറ്റോ രോഗിയാണെന്നതിന് തെളിവ് നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് ഐവി ഡ്രിപ്പുമായി സ്ത്രീക്ക് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാകേണ്ടി വന്നത്.
ഭര്‍ത്താവിന്റെ സഹായത്തോടെ കഷ്ടപ്പെട്ട് നടന്നുനീങ്ങുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിറയ്ക്കുന്ന കാലുകളോടെ നീങ്ങുന്ന ഭാര്യയുടെ മരുന്ന് കുപ്പി ഭര്‍ത്താവ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് കാണുന്ന ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. താഴേത്തട്ടിലുള്ള തൊഴിലാളികള്‍ ഇന്ത്യയില്‍ നേരിടുന്ന കഠിനമായ യാഥാര്‍ത്ഥ്യങ്ങളിലേക്കും ഉദ്യോഗസ്ഥരുടെ ക്രൂരമായ സമീപനത്തിലേക്കും ഈ വീഡിയോ വിരല്‍ ചൂണ്ടുന്നു. രണ്‍വിജയ് സിംഗ് എന്ന വ്യക്തി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ രൂക്ഷമായ പ്രതികരണങ്ങളാണ് നെറ്റിസണ്‍സില്‍ നിന്ന് ഉയരുന്നത്. അസുഖബാധിതയായ ഒരു സ്ത്രീയോട് ഇത്രയും ക്രൂരമായി പെരുമാറിയ ഉദ്യോഗസ്ഥയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടു. പാവപ്പെട്ടവരോടും സാധാരണക്കാരോടും അധികൃതര്‍ക്ക് ഒരു തരി ദയ പോലുമില്ലെന്നും, എല്ലാ നിയമങ്ങളും സത്യസന്ധതയും താഴേത്തട്ടിലുള്ളവര്‍ക്ക് മാത്രമാണോ ബാധകമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നു.






