
ഹൈദരാബാദ്: ദമ്പതികള്‍ കൗണ്‍സലിങ് സെഷന്റെ ഇടയില്‍ രണ്ട് പെണ്മക്കളെ പോലീസ് സ്റ്റേഷനില്‍ ഉപേക്ഷച്ചു. പുലിവാലുപിടിച്ച് തെലങ്കാന പോലീസ്. കൗണ്‍സലിങ്ങിന്റെ തുടക്കത്തില്‍തന്നെ ഭാര്യ പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ഭര്‍ത്താവ് കുട്ടികളെ ഉപേക്ഷിച്ച് പിന്തുടര്ന്നു. കടയുടമയായ രവി കുമാറും നഴ്സിങ് വിദ്യാര്‍ഥിനിയായ ലളിതയും 10 വര്‍ഷം മുമ്പ് പ്രണയ വിവാഹിതരായവരാണ്.
വര്‍ഷങ്ങളായി അസ്വാരസ്യങ്ങള്‍ പതിവായതോടെ അവരുടെ ബന്ധം വഷളായി. ഇത് പതിവായി തര്‍ക്കങ്ങള്‍ക്ക് കാരണമായി. ഗാര്‍ഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികളുമായി ലളിത നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. ഇത് ഇരു കക്ഷികളെയും കൗണ്‍സലിങ്ങിനു വിളിക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. കഴിഞ്ഞ 28-ന് നടന്ന അത്തരമൊരു കൗണ്‍സിലിങ് സെഷനില്‍, ലളിത തന്റെ മംഗളസൂത്രവും (താലിമാല) ഊരി മേശപ്പുറത്ത് വച്ച് ബന്ധം തുടരാനില്ലെന്നു പ്രഖ്യാപിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. രവി അവരെ പിന്തുടര്ന്ന് സ്റ്റേഷനില്‍നിന്ന് ഇറങ്ങി.
അവരുടെ രണ്ട് പെണ്മക്കള് അതോടെ സ്റ്റേഷനില്‍ കുടുങ്ങി. മാതാപിതാക്കളെ വിളിച്ചിട്ട് പ്രതികരിക്കാത്തതിനാല്‍ കുട്ടികള്‍ ഭയന്ന് കണ്ണീരോടെ കഴിയുകയായിരുന്നുവെന്ന് കരിംനഗര്‍ ജില്ലയിലെ ലോവര്‍ മണൈര്‍ ഡാം (എല്‍.എം.ഡി) പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സബ് ഇന്‍സ്പെക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് കുട്ടികളെ ആശ്വസിപ്പിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. മാതാപിതാക്കളെ ബന്ധപ്പെടാനുള്ള നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ കുട്ടികളുടെ പിതാവിന്റെ അമ്മയുമായി ബന്ധപ്പെട്ടു. പിന്നീട് അവര്‍ കുട്ടികളെ ഏറ്റെടുത്തു.






