
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകുമെന്നും ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമാണെന്നും പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്. മിക്കവാറും ഒരു തൂക്കുസഭയ്ക്കുള്ള സാധ്യതയാണുള്ളതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി നിര്‍ണ്ണായകമാകുമെന്നും പറഞ്ഞു.
പാലായില്‍ ഇത്തവണ മറ്റ് സ്ഥാനാര്‍ത്ഥികളുടെ വോട്ട് വിഹിതം കുറഞ്ഞത് തനിക്ക് അനുകൂലമാകുമെന്ന് ഷോണ്‍ കരുതുന്നു. എഫ്.സി.ആര്.എ വിവാദങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടായത് തിരഞ്ഞെടുപ്പിന് ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാറില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം ഷോണിന്റെ പിതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പി.സി. ജോര്‍ജും പങ്കുവെച്ചു.
അതേസമയം പാലായില്‍ അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി. സി. കാപ്പന്റെ പ്രതികരണം. ഷോണ്‍ ജോര്‍ജ് പിടിക്കുന്ന വോട്ടുകള്‍ മണ്ഡലത്തിലെ ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നും പറഞ്ഞു. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അപ്രസക്തമാണെന്നും നിലവില്‍ കേള്‍ക്കുന്ന പേരുകള്‍ക്ക് ഇതില്‍ വലിയ പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.






