
കൊച്ചി: മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ നടന്ന അഴിമതിയും ക്രമക്കേടും കണ്ടെത്താന്‍ വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന് അപ്പറ്റൈറ്റി'ന്റെ റിപ്പോര്‍ട്ട് പുറത്ത്. കോടിക്കണക്കിനു രൂപയുടെ കേന്ദ്ര ഫണ്ട് പാഴായെന്നു കണ്ടെത്തല്‍. പക്ഷേ, ഫണ്ട് വെട്ടിച്ചവര്ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്തില്ല.
2024 ല്‍ വിജിലന്‍സ് കൊടുത്ത റിപ്പോര്‍ട്ടിനുമേല്‍ 2026 വരെ നടപടിയെടുക്കാതെ മുന്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സെര്‍ട്ടിഫിക്കേഷന്‍ (ഫോസ്ടാക്) എന്ന പദ്ധതിയിലാണ് വെട്ടിപ്പ് നടത്തിയത്.ചെറുകിട വ്യാപാരികള്‍ക്ക് സൗജന്യ ട്രെയിനിങ് നല്‍കുന്നതാണ് പദ്ധതി. കേന്ദ്ര ഭക്ഷ്യസുരക്ഷാഅതോറിറ്റി (എഫ്.എസ്.എസ്.എ.) യാണ് ഫണ്ട് അനുവദിച്ചത്. പെട്ടിക്കടക്കാര്‍ അടക്കമുള്ള ചെറുകിടക്കാരെ ഉദ്ദേശിച്ചായിരുന്നു പരിശീലനം. കോടിക്കണക്കിന് രൂപയുടെ ഫണ്ടില്‍ ലൈസന്‍സുള്ള ഇതര കച്ചവടക്കാര്‍ക്ക് കൂടി സൗജന്യ ട്രെയിനിങ് നല്‍കിയതിലൂടെയാണ് ഫണ്ട് ദുരുപയോഗപ്പെടുത്തിയത്.
ഫണ്ട് തെറ്റായ രീതിയില്‍ ഉപയോഗിച്ചത് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമാണ്. മേല്‍നടപടികള്‍ക്ക് ശിപാര്‍ശ ചെയ്ാതെ കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ലൈസന്‍സുള്ള കച്ചവടക്കാരില്‍നിന്ന് ട്രെയിനിങ്ങിന് ഫീസ് ഈടാക്കണമായിരുന്നു. പക്ഷേ, അതുണ്ടായില്ല. അതുകൊണ്ട് ഈ ഈയിനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട ജി.എസ്.ടി. നഷ്ടപ്പെട്ടു. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഓഫീസിന്റെ ഈ നടപടി നികുതിചോര്ച്ചയ്ക്ക് ഇടയാക്കി. അതുപോലെ പരിശീലനത്തിന് എത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിച്ചിരുന്നില്ല.
ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ഓഫീസിലെ കുറ്റാരോപിതരായ ചില ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും സുരക്ഷിതമായ വിരമിക്കലും ഉറപ്പുവരുത്താനാണ് റിപ്പോര്‍ട്ട് പൂഴ്ത്തിയത്. അഴിമതിയും ക്രമക്കേടും കണ്ടെത്തിയെങ്കിലും ഫോസ്ടാക് പദ്ധതിയില്‍ സമാനമായ തിരിമറികള്‍ ഇപ്പോഴും നടക്കുന്നതായാണ് അറിയുന്നത്. ഫോസ്ടാക്കിലെ കേന്ദ്ര ഫണ്ട് വെട്ടിപ്പ് 'മംഗളം' ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയെത്തുടര്‍ന്നാണ് വിജിലന്‍സ് ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.
ബൈജു ഭാസി






