
ദോഹ: ഫുട്ബോൾ ലോകത്തെ നാളത്തെ സുപ്പർതാരങ്ങൾ മാറ്റുരയ്ക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിന് ഖത്തർ ഒരിക്കൽ കൂടി ആതിഥേയത്വം വഹിക്കുന്നു. നവംബർ 19 മുതൽ ഡിസംബർ 13 വരെയാണ് കൗമാര ലോകകപ്പ് അരങ്ങേറുന്നതെന്ന് ഫിഫയും പ്രാദേശിക സംഘാടക സമിതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2029 വരെ തുടർച്ചയായി അഞ്ച് വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന വാർഷിക ചാമ്പ്യൻഷിപ്പുകളിലെ രണ്ടാമത്തെ എഡിഷനാണിത്.കഴിഞ്ഞ വർഷത്തെ ചരിത്രപരമായ ടൂർണമെന്റിന് പിന്നാലെ ഇത്തവണയും 48 ടീമുകളാണ് ലോകകിരീടത്തിനായി പോരാടുക. ഗ്രൂപ്പ് ഘട്ടങ്ങളിലെ ടീമുകളെ നിശ്ചയിക്കുന്ന ഫൈനൽ ഡ്രോ മെയ് 21-ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടക്കും. ഭാവിയിലെ മെസ്സിയും റൊണാൾഡോയുമാകാൻ കെല്പുള്ള പ്രതിഭകളെ കണ്ടെത്താനുള്ള സുവർണ്ണാവസരമായാണ് കായിക ലോകം ഈ ടൂർണമെന്റിനെ നോക്കിക്കാണുന്നത്.
ആസ്പയർ സോണിലെ അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങളിലാകും ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുക. കിരീടപ്പോരാട്ടത്തിന് വേദിയാകുന്നത് ഖത്തറിന്റെ കായിക അഭിമാനമായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയമാണ്. 1976-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്റ്റേഡിയം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വർഷം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.ലോകത്തെ പ്രമുഖ ക്ലബ്ബുകളുടെ പ്രതിനിധികളും സ്കൗട്ടുകളും ഇത്തവണയും ഖത്തറിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം കളിക്കളത്തിൽ നിന്ന് ഉയർന്നുവന്ന ഈജിപ്ത്തിന്റെ ഹംസ അബ്ദുൽ കരീം,മാലിയുടെ സെയ്ദു ഡെംബെലെ തുടങ്ങിയ താരങ്ങൾ ഇന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരാണ്. കഴിഞ്ഞ തവണ പോർച്ചുഗൽ മുത്തമിട്ട കിരീടം ഇത്തവണ ആര് സ്വന്തമാക്കുമെന്ന ആകാംക്ഷയിലാണ് കായിക പ്രേമികൾ. ടൂർണമെന്റിന്റെ ആവേശം പങ്കുവെക്കാൻ '@RoadtoQatar' എന്ന ഹാഷ്‌ടാഗുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സജീവമായിക്കഴിഞ്ഞു.
ഷഫീക്ക് അറയ്ക്കൽ






