
മിമിക്രി താരവും അഭിനേതാവുമായ കൊല്ലം സുധിയുടെ വാക്കുകളിലൂടെ പ്രേക്ഷകര്‍ അറിയുകയും സ്നേഹിക്കുകയും ചെയ്ത താരപത്നിയാണ് രേണു സുധി. സുധിയുടെ അകാലത്തിലുള്ള മരണത്തിനു ശേഷം മക്കളുടെ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്ന രേണുവിനോട് വലിയൊരു അടുപ്പവും സഹതാപവും സ്നേഹവുമൊക്കെ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്റിമേറ്റ് റീല്‍സിലൂടെയും ഹോട്ട് ഫോട്ടോഷൂട്ടുകളിലൂടെയും രേണു വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടു.
എന്നാല്‍ അപ്പോഴൊക്കെയും കുടുംബത്തിന്റെ സ്നേഹവും കൊല്ലം സുധിയുടെ മൂത്തമകൻ കിച്ചുവിന്റെ പിന്തുണയുമൊക്കെ രേണുവിനുണ്ടായിരുന്നു. പക്ഷേ അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ കിച്ചു മൈ ലൈഫ് സ്റ്റോറി പറഞ്ഞ ശേഷം രേണുവിനോടുള്ള ആരാധകരുടെ ദേഷ്യം കൂടി. രേണുവിനേയും കുടുംബത്തേയും കുറിച്ച് കിച്ചു ലൈഫ് സ്റ്റോറിയില്‍ നടത്തിയ ചില തുറന്ന് പറച്ചിലുകള്‍ വൈറലാവുകയും രേണുവിനും കുടുംബത്തിനും വലിയ തിരിച്ചടിയാവുകയും ചെയ്തു. സമൂഹത്തില്‍ അവർക്കുണ്ടായിരുന്ന ഇമേജ് അതോടെ തകരുകയും ചെയ്തു. അതിനു ശേഷം രേണു സുധിയുമായും അവരുടെ കുടുംബവുമായും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. രേണുവിന്റെ സഹോദരി അടക്കം കിച്ചുവിനോട് വീഡിയോ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് സമീപിച്ചെങ്കിലും കിച്ചു വഴങ്ങിയില്ല.
അതുകൊണ്ട് അനിയന് റിതുലിനെ കാണാൻ കഴിഞ്ഞ ദിവസം കോട്ടയത്തെ രേണു താമസിക്കുന്ന വീട്ടിലേക്ക് ചെറിയൊരു ഭയവും ആശങ്കയും മനസ്സില്‍ വച്ചാണ് കിച്ചു പോയത്. അനിയനുമായി ഇടപഴകുന്നത് തുടക്കത്തില്‍ രേണുവിന്റെ പിതാവ് വിലക്കിയെന്ന് കിച്ചു യൂട്യൂബിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ രേണുവിനോട് അനുവാദം വാങ്ങി അനിയനുമായി ചെറിയൊരു വണ്‍ഡെ ഔട്ടിങ് ചെയ്തതും കിച്ചു പങ്കിട്ടു.
ഇപ്പോഴിതാ ആ വൈറല്‍ വ്ലോഗിനെക്കുറിച്ചുള്ള തന്റെ നിലപാട് പങ്കിടുകയാണ് രേണു സുധി. സഹോദരനെ കാണാൻ കിച്ചുവിന് അവകാശമുണ്ടെന്നും അത് താൻ ഒരിക്കലും തടയില്ലെന്നുമാണ് രേണു പറയുന്നത്.
‘‘കിച്ചു എന്നെ ഒരു ഉച്ചയൊക്കെയായപ്പോള് വിളിച്ചു. കിച്ചുവിന്റെ നമ്പർ സേവ് അല്ല. പക്ഷേ കോള്‍ കണ്ടപ്പോള്‍ മനസിലായി. വാട്സ്ആപ്പില്‍ മാത്രമെ സേവ് ആയുള്ളു. എന്താ കിച്ചു എന്ന് ഞാൻ ചോദിച്ചു. ‘അമ്മ... ഞാൻ കുഞ്ഞിനേയും കൊണ്ട് ഒന്ന് പുറത്ത് പൊക്കോട്ടേ’യെന്ന് അവൻ ചോദിച്ചു. പൊയ്ക്കോളൂ... ‘അവൻ നിന്റെ അനിയനല്ലേ. നീ കൊണ്ടുപൊയ്ക്കോളൂ. സേഫായിട്ട് കൊണ്ടുപോയി തിരികെ കൊണ്ടുവന്നാല്‍ മതി’യെന്ന് ഞാന്‍ പറഞ്ഞു.
‘അമ്മ എപ്പോഴാണ് വരിക’യെന്ന് അവൻ ചോദിച്ചു. ‘ഞാൻ ഒരു പ്രമോഷന്റെ ഭാഗമായി നില്‍ക്കുകയാണ്. ഉച്ചകഴിഞ്ഞ് വരാ’മെന്ന് പറഞ്ഞു. ഓക്കെ അമ്മേയെന്ന് പറഞ്ഞ് അവൻ കോള്‍ കട്ട് ചെയ്തു. ദേഷ്യം എനിക്കില്ല. പകയും ദേഷ്യവും മനസില്‍ വെക്കുന്നയാളുമല്ല ഞാൻ. എപ്പോഴും പറയുന്നത് പോലെ തന്നെ പ്രസവിച്ചിട്ടില്ലെങ്കിലും എന്റെ മകൻ തന്നെയാണ് കിച്ചു. എന്നെ അമ്മ എന്ന് അവൻ വിളിക്കുന്നുണ്ടെങ്കില്‍ ഞാൻ എന്നും അവന്റെ അമ്മ തന്നെയായിരിക്കും. റിഥപ്പൻ അവന്റെ അനിയനല്ലേ കിച്ചുവിന് എപ്പോള്‍ വേണമെങ്കിലും അവനെ കൊണ്ടുപോകാം...’’ എന്നാണ് രേണു പറഞ്ഞത്. രേണു വീട്ടില്‍ ഇല്ലാത്ത സമയത്ത് രേണുവിന്റെ മാതാപിതാക്കളാണ് റിതുലിനെ സംരക്ഷിക്കുന്നത്. റിതുല്‍ ചെറിയ കുട്ടിയായതു കൊണ്ട് അച്ഛനില്ലാത്തതിന്റെ വിടവ് അറിയിക്കാതിരിക്കാൻ വേണ്ടതെല്ലാം കിച്ചു ചെയ്യാറുണ്ട്. ബിഗ് ബോസ് മലയാളം സീസണ് ഏഴിലെ മത്സരാർത്ഥിയായതിനു ശേഷമാണ് രേണുവിന് ശരിക്കുള്ള സെലിബ്രിറ്റി ഇമേജ് വന്നത്. ദേശത്തും വിദേശത്തുമടക്കം ഉദ്ഘാടനങ്ങളും പ്രൊമോഷനുമൊക്കെയായി തിരക്കിലാണ് രേണുവിപ്പോള്‍.
വിവാദത്തിനുശേഷം കിച്ചുവിനോടുള്ള റിതുലിന്റെ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും പഴയ അടുപ്പമൊന്നും റിതു കിച്ചുവിനോട് കാണിക്കുന്നില്ലെന്നും അതിനു കാരണക്കാരി രേണുവും വീട്ടുകാരുമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. മുമ്പ് കിച്ചുവിനെ കണ്ടാല്‍ സ്നേഹം കൊണ്ട് മൂടിയിരുന്ന റിതുല്‍ ഇപ്പോള്‍ കിച്ചുവിന്റെ അടുത്തേക്ക് പോകാൻ പോലും മടിക്കുന്ന സ്ഥിതി വീഡിയോയില്‍ കാണാം.






