
തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് നേമം. ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു.
രണ്ടാം പിണറായി സർക്കാരിലെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ വി. ശിവൻകുട്ടിയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും യുഡിഎഫിനുവേണ്ടി കെഎസ് ശബരീനാഥും കളത്തിലിറങ്ങിയപ്പോള്‍ ത്രികോണ മത്സരം തന്നെയാണ് നേമത്ത് നടന്നത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തിയ ബിജെപിക്ക് നേമം മണ്ഡലത്തിലുൾപ്പെട്ട വാർഡുകളിൽ 6000- ലേറെ വോട്ടിന്റെ മേൽക്കൈയ്യാണ് നേടിയിരുന്നത്.
2016- ൽ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം നിയോജക മണ്ഡലം. യുഡിഎഫ് ഘടകകക്ഷി സ്ഥാനാർഥിയായ വി സുരേന്ദ്രൻ പിള്ളയ്ക്ക് 9.70 ശതമാനം വോട്ട് മാത്രമാണുണ്ടായിരുന്നത്. യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വോട്ട് ബിജെപിക്ക് പിടിച്ചതുമൂലമാണ് രാജഗോപാലിന് 47.46% വോട്ട് ലഭിച്ചത്. വി ശിവൻകുട്ടിക്ക് 41.39% വോട്ടാണ് 2016- ൽ ലഭിച്ചത്. 2021ൽ രാജഗോപാലിനു പകരം മത്സരിച്ച കുമ്മനം രാജശേഖരനെ തോൽപ്പിച്ച് ബിജെപി അക്കൗണ്ട് ശിവൻകുട്ടി പൂട്ടിക്കുകയായിരുന്നു.






