
തമിഴ്നാട്ടില്‍ മികച്ച വിജയം സ്വന്തമാക്കിയ ടിവികെ നേതാവ് വിജയ്ക്ക് ആശംസയുമായി നടന് മനോജ് കെ ജയന്. തമിഴ്നാട്ടില്‍ ദളപതി വിജയ് വിസ്മയ വിജയം സ്വന്തമാക്കിയതായി മനോജ് കെ ജയന് ഫേസ്ബുക്കില്‍ കുറിച്ചു. വിജയ്ക്കൊപ്പം അഭിനയിച്ച ചിത്രത്തില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു മനോജ് കെ. ജയന്റെ ആശംസ.
"തമിഴ്നാട്ടിൽ ഇളയദളപതി 'വിജയ്യുടെ വിസ്മയ വിജയം'. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അരങ്ങേറുമ്പോൾ… അങ്ങയുടെ കൂടെ 3 സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു എന്നുള്ള അഭിമാനത്തിന് തിളക്കമേറുന്നു. ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ," മനോജ് കുറിച്ചു.
തമിഴ്നാട് രാഷ്ട്രിയത്തെ ഞെട്ടിച്ച് നൂറിലധികം സീറ്റുകളോടെ വിജയ് അധികാരം പിടിച്ചെടുക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച്, നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അധികാരത്തിലെത്തുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരളമായ കാഴ്ചയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഡിഎംകെയും എഐഎഡിഎംകെയും അടക്കിവാണിരുന്ന തമിഴ് രാഷ്ട്രീയ ഭൂമികയിൽ ഈ മാറ്റം ഒരു വൻ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്.
കോൺഗ്രസിന് രാജ്യത്തുടനീളം വലിയ സ്വാധീനമുണ്ടായിരുന്ന 1967-ലാണ് ഒരു പ്രാദേശിക പാർട്ടി തമിഴ്നാട്ടിൽ ആദ്യമായി അധികാരത്തിലെത്തുന്നത്. അതിനുശേഷം ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ച സംസ്ഥാനം ഇപ്പോൾ വിജയ്യിലൂടെ ഒരു പുതിയ ചരിത്രത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്.






