
ഓഫീസുകളിലെ പതിവ് രാഷ്ട്രീയത്തിനും പരദൂഷണങ്ങള്‍ക്കും പകരം സ്നേഹവും ഐക്യവും നിറഞ്ഞ ഒരു പുതിയ തൊഴില്‍ സംസ്കാരം പരിചയപ്പെടുത്തുകയാണ് യുവ സംരംഭകയായ കാവ്യ കര്‍ണാടക. തന്റെ കമ്പനിയായ 'കെ കെ ക്രിയേറ്റേഴ്സി'ല്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ദൃഢബന്ധത്തിന്റെ രഹസ്യം അവര്‍ പങ്കുവച്ച ലിങ്ക്ഡ് ഇന്‍ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പദവികളുടെ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കുന്ന ഒരു രീതിയാണ് ഇവിടെ പിന്തുടരുന്നത്.
ഉച്ചയ്ക്ക് രണ്ടു മണിയായാല്‍ മാനേജര്‍മാര്‍ മുതല്‍ ഫ്രഷേഴ്സ് വരെയുള്ള 40 പേരടങ്ങുന്ന ടീം ജോലികള്‍ നിര്‍ത്തിവെച്ച് ഒരുമിച്ച് കൂടും. ടാര്ഗറ്റുകളെക്കുറിച്ചോ ഡെഡ്ലൈനുകളെക്കുറിച്ചോ യാതൊരു സംസാരവുമില്ലാതെ, തമാശകള്‍ പറഞ്ഞും ഭക്ഷണം പങ്കുവെച്ചുമാണ് ഈ സമയം കടന്നുപോകുന്നത്. ഒരു മണിക്കൂര്‍ നീളുന്ന ഈ ഉച്ചഭക്ഷണ വേള ഒരു ഓഫീസിലെന്നതിലുപരി വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രതീതിയാണ് നല്‍കുന്നതെന്ന് കാവ്യ പറയുന്നു.
ലളിതമായ ഇത്തരം ദൈനംദിന ശീലങ്ങള്‍ എങ്ങനെ ശക്തമായ ടീം വര്‍ക്കിന് സഹായിക്കുമെന്ന് ഈ അനുഭവം തെളിയിക്കുന്നു. ഔദ്യോഗികമായ മീറ്റിംഗ് റൂമുകളില്‍ ലഭിക്കാത്ത വിശ്വാസവും സൗഹൃദവും ഒരുമിച്ചിരുന്നുള്ള ഈ ചിരിയിലൂടെയും സംസാരത്തിലൂടെയും കെട്ടിപ്പടുക്കാന്‍ സാധിക്കുന്നു. മിക്ക കമ്പനികളും ഉല്‍പ്പാദനക്ഷമതയ്ക്ക് പിന്നാലെ ഓടുമ്പോള്‍, മനുഷ്യബന്ധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഈ മാതൃക ഓര്‍മ്മിപ്പിക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. മികച്ച തൊഴില്‍ സംസ്കാരം എന്നത് നിയമങ്ങളിലൂടെയല്ല, ഇത്തരം ഹൃദ്യമായ ഇടപെടലുകളിലൂടെയാണ് ഉണ്ടാവേണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, ബന്ധങ്ങള്‍ വളര്‍ത്തുന്നതിനൊപ്പം തന്നെ ഏകാന്തത ആഗ്രഹിക്കുന്ന ജീവനക്കാരുടെ സ്വകാര്യതയെ മാനിക്കുന്നതും ആരോഗ്യകരമായ തൊഴിലിടത്തിന്റെ ലക്ഷണമാണെന്ന വ്യത്യസ്തമായ കാഴ്ചപ്പാടുകളും ഈ ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്നുണ്ട്.






