
ഉത്തരാഖണ്ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിൽ പാതിരാത്രിയിൽ അമിതമായി മദ്യപിച്ചെത്തിയ ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാക്രമം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഡൽഹിയിൽ നിന്നെത്തിയ നാലംഗ സംഘത്തോടൊപ്പമുണ്ടായിരുന്ന യുവതി ലഹരിയിൽ അക്രമണാസക്തയായിമാറുകയും, ഒപ്പമുണ്ടായിരുന്നവരുമായി വഴക്കുണ്ടാക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കഴിഞ്ഞ ജൂലൈ 5-ന് പുലർച്ചെ മൂന്നരയോടെയായിരുന്നു ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
യുവതിയുടെ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണ് അടിയന്തര സഹായത്തിനായി 112-ൽ വിളിച്ച് പോലീസിന്റെ സഹായം തേടിയത്. വിവരം ലഭിച്ച ഉടൻ തന്നെ ലിബ്രറി ചൗക്കിന് സമീപം പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി നാലുപേരെയും പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു.
സ്റ്റേഷനിലെത്തിയ ശേഷവും യുവതിയുടെ ബഹളം തുടരുന്ന കാഴ്ചയാണ് ഉണ്ടായത്. പോലീസുകാരോടും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോടും അവർ മോശമായി പെരുമാറുകയും അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വളരെ പരുഷമായാണ് യുവതി സംസാരിച്ചത്. എങ്കിലും രാത്രി വൈകിയതും ഒരു സ്ത്രീ ഉൾപ്പെട്ടതുമായ വിഷയം ആയതിനാൽ കർശന നിയമനടപടികളിലേക്ക് പോകാതെ പോലീസ് സംയമനം പാലിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ ലഹരി പൂർണ്ണമായും വിട്ടുമാറുന്നത് വരെ പോലീസ് എല്ലാവരെയും സ്റ്റേഷനിൽ ഇരുത്തുകയും കൗൺസലിംഗ് നൽകുകയും ചെയ്തു. ബോധം തെളിഞ്ഞതിന് ശേഷം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ പെരുമാറ്റത്തിൽ യുവതിയും സംഘവും പോലീസിനോട് ഖേദം പ്രകടിപ്പിച്ചു. ഔദ്യോഗികമായി ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസെടുക്കാതെ നാലുപേരെയും താക്കീത് നൽകി വിട്ടയച്ചു.






