
ഉത്തരാഖണ്ഡിലെ നദീതീരത്തുള്ള ശ്മശാനത്തില്‍ വിവാഹച്ചടങ്ങ് നടത്തിയ ദമ്പതികളുടെ നടപടി വിവാദമാകുന്നു. ഗാസിയാബാദ് സ്വദേശികളായ ദമ്പതികളാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്ന പവിത്രമായ ഇടം വിവാഹവേദിയാക്കിയത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിന് സമീപം രാംഗംഗ, ബഡംഗഡ് നദികള്‍ സംഗമിക്കുന്ന മാര്‍ച്ചുലയിലെ ശ്മശാനഘട്ടിലായിരുന്നു ഏപ്രില്‍ 25ന് ഈ വേറിട്ട ചടങ്ങ് നടന്നത്. വിവാഹത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതും വ്യാപകമായ സൈബര്‍ ആക്രമണത്തിന് ഇടയാക്കിയതും.
സാധാരണയായി വിലാപവും അന്ത്യകര്‍മ്മങ്ങളും നടക്കുന്ന ശ്മശാനത്തെ അലങ്കാര വിളക്കുകളും പാട്ടും ഉപയോഗിച്ച് ആഘോഷവേദിയാക്കി മാറ്റിയതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. അമ്പതോളം അതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍ വരണമാല്യം കൈമാറുന്ന ദൃശ്യങ്ങള്‍ അനാദരവാണെന്ന് സാമൂഹിക പ്രവര്‍ത്തകരും നാട്ടുകാരും ആരോപിക്കുന്നു. ശ്മശാനങ്ങള്‍ മതപരമായും മാനസികമായും വലിയ പ്രാധാന്യമുള്ള ഇടങ്ങളാണെന്നും ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. നിയമങ്ങള്‍ ലംഘിച്ച് ചടങ്ങിന് സൗകര്യം ഒരുക്കിയ റിസോര്‍ട്ടിന് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ശ്മശാനത്തിന്റെ വിശുദ്ധിയെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പ്രാദേശിക വാസികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ആവശ്യം. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ദമ്പതികള്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധ കമന്റുകള്‍ നിറയുകയാണ്.






