
കുറഞ്ഞ ചെലവും ലളിതമായ വിസ നടപടികളും കാരണം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് തായ്ലൻഡ്. താമസം, ഭക്ഷണം എന്നിവ എളുപ്പത്തിൽ ലഭ്യമാകുമെന്നതും ഇവിടേക്കുള്ള ഒഴുക്ക് വർധിപ്പിക്കുന്നു. എന്നാൽ, വിദേശ വിനോദസഞ്ചാരികൾക്കായി ഇപ്പോൾ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുകയാണ് തായ്ലൻഡ് ഗവൺമെന്റ്. ഇനി മുതൽ തായ്ലൻഡിൽ എത്തുന്ന എല്ലാ വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു എന്നതാണ് പുതിയ പരിഷ്കാരം.
വിദേശികൾക്ക് ചികിത്സ നൽകുന്നതിനായി രാജ്യത്തെ സർക്കാർ ആശുപത്രികൾക്ക് ഭീമമായ തുക ചെലവാക്കേണ്ടി വരുന്നു എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. സന്ദർശകർക്ക് ആവശ്യമായ ചികിത്സാ ചെലവുകൾ വഹിക്കാൻ തായ്ലൻഡ് സർക്കാരിന് സാധിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി. നിലവിൽ വിദേശികൾക്ക് നൽകുന്ന ചികിത്സാ ഇനത്തിൽ വലിയൊരു തുക ബാധ്യതയായി വരുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇൻഷുറൻസ് നിർബന്ധമാക്കുന്നത്.
അതേസമയം, പുതിയ നിയമം തായ്ലൻഡിന്റെ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ചെലവ് കുറഞ്ഞ യാത്രകൾ ആഗ്രഹിക്കുന്നവരെ ഈ അധിക ബാധ്യത തായ്ലൻഡിൽ നിന്നും അകറ്റിയേക്കാം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയൊരു പങ്ക് വിനോദസഞ്ചാര മേഖലയിൽ നിന്നായതിനാൽ, സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും വിലയിരുത്തപ്പെടുന്നു.






