
വടക്കന്‍ പാട്ടുകളിലെ ചതിയന്‍ ചന്തുവിനേക്കാള്‍ മലയാളി അറിഞ്ഞത്, 'മടങ്ങിപ്പോ മക്കളേ' എന്നു പറഞ്ഞു പ്രതിയോഗികള്‍ക്കു സ്വന്തം തലയറുത്തു സമ്മാനിച്ച വീരന് ചന്തുവിനെയാണ്. വടക്കന്‍ പാട്ടുകളിലെ മിത്തിലെ ചതിയന്‍ ചന്തുവെന്ന ചേകവനെ എം.ടി. വാസുദേവന്‍ നായര്‍ അപനിര്മിച്ചപ്പോള് സദ്ഗുണ സമ്പന്നനായ നായകനായി മാറി. ചന്തുവെന്ന വാമൊഴിപ്പാട്ടിലെ നായകന് ഇന്നിപ്പോള്‍ മമ്മൂട്ടിയുടെ രൂപമാണ്.
നിലപാടുകള്‍ക്ക് ആദര്‍ശത്തിന്റെ ചേലയും. ആ ചന്തുവിനെ വീണ്ടും ചതിയന്‍ ചന്തു എന്ന മൂലകഥയിലേക്ക്, ഒരു ഷേക്സ്പീരിയന്‍ ട്രാജഡിയുടെ പശ്ചാത്തലത്തില്‍ പുന:സൃഷ്ടിക്കാനാണ് ജയരാജ് 'വീരം- മാക്ബത്തി'ലൂടെ ശ്രമിക്കുന്നത്.
വീരം മാക്ബത്ത് പല തലങ്ങളുള്ള ഒരു സിനിമയാണ്. ഒറ്റയടിക്ക് വിശദമാക്കുക പ്രയാസമാണ്. എങ്കിലും ആദ്യകാഴ്ചയില്‍ തോന്നുന്ന ആദ്യകാഴ്ചപ്പാടുകള് ഇതാണ്.
ഠ ഒരു വിഷ്വല്‍ ട്രീറ്റ് എന്ന നിലയിലുള്ള ജയരാജിന്റെ ആദ്യസിനിമയാണ് വീരം- ശ്രമം ഭാഗികമായി വിജയമാണ്.
ഠ ബാഹുബലി പോലെ ഇന്ത്യന്‍ മിത്തുകള്‍ വലിയ കാന്‍വാസില്‍ വലിയ ബജറ്റില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹോളിവുഡ് സിനിമ പോലെ അണിയിച്ചൊരുക്കാനുള്ള ശ്രമമാണ് വീരം- അനാവശ്യമായ ധൂര്‍ത്ത് എന്നാണ് തോന്നിയത്. റോമന്‍ കൊളോസിയം പോലെ തോന്നിപ്പിക്കുന്ന, വലിയ പാറക്കെട്ടുകളിലെ ഗോദകളില്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയില്‍ ഒട്ടും ജൈവികമല്ലാത്ത ദൃശ്യങ്ങളാണ് വീരത്തിന്റേത്.
ഠ മമ്മൂട്ടി എന്ന അതുല്യനടന് അനശ്വരമാക്കിയ ചന്തുവെന്ന പുരുഷബിംബത്തെ കുനാല്‍ കപൂറിനെപ്പോലെ ആകാരസൗഷ്ഠവം മാത്രം കൈമുതലായ ഒരു നടനെക്കൊണ്ട് മറികടക്കാനാണ് ശ്രമം. ചന്തു മാത്രമല്ല ഉണ്ണിയാര്‍ച്ചയും കുട്ടിമാണിയും ആരോമലും എല്ലാം മറുഭാഷാതാരങ്ങള്- ആകെ ഫലം;
വികാരശൂന്യമായ ഈ മുഖങ്ങള്‍ കണ്ട് മൊഴിമാറിവന്ന(ഡബ്ബ്) സിനിമ കണ്ടതുപോലെയാണ് ഒരു മണിക്കൂര്‍ 44 മിനിട്ട് മാത്രമുള്ള സിനിമ സമ്മാനിക്കുന്നത്. സിനിമയുടെ ഇന്റര്‍നാഷണല്‍ ലുക്കിനുവേണ്ടി കണ്ടെത്തിയ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് ദയനീയം എന്നുവിശേഷിപ്പിക്കാം. പലരും കീകൊടുത്ത പാവകളെപ്പോലെയാണു അഭിനയിക്കുന്നത്.
ഠ ചന്തു എന്ന ചേകവനെ പ്രതികാരവും അധികാരവും തേടുന്ന മനുഷ്യനാക്കി അവതരിപ്പിക്കാനായി പ്രയോഗിച്ച ഷേക്സ്പീരിയന്‍ കൂട്ട്- ചതിയിലും കൊതിയിലും പെണ്ണിലും ഭ്രമിക്കുന്ന ചേകവന്റെ ആത്മസംഘര്‍ഷങ്ങളെ എം.ടിയുടെ ആദര്ശനായകനില്നിന്നു മുക്തനാക്കി അവതരിപ്പിക്കുന്നതില്‍ ജയരാജ് വിജയിച്ചിട്ടുണ്ട്.
ഠ വടക്കന്‍ ഭാഷയുടെ സമര്‍ഥമായ പ്രയോഗം.-ഏഴു നൂറ്റാണ്ടുമുമ്പുള്ള കാലത്തെ പുന:സൃഷ്ടിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ സംസാരിക്കേണ്ട ഭാഷ പ്രാദേശിക ഭാഷാന്തരങ്ങള്‍ ഏറെയുള്ള മലയാളം പോലൊരു ഭാഷയില്‍ ഏറെ പ്രശ്നഭരിതമാണ്. തനി മലബാര്‍ ഭാഷയാണ് പ്രയോഗിച്ചിരിക്കുന്നത്. ഡോ. എം.ആര്.ആര്. വാര്യരാണു സിനിമയുടെ സംഭാഷണമൊരുക്കിയിരിക്കുന്നത്.
വേഷത്തിലും രൂപത്തിലും ഗോദയിലും ഏറെക്കുറെ നമുക്ക് അന്യമായ, ഹോളിവുഡിന്റെ പീരിയഡ് യുദ്ധസിനിമകളോടു സാദൃശ്യം പുലര്‍ത്തുന്ന വീരത്തിനെ മലയാളീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകവും ഈ നാട്ടുഭാഷയുടെ പ്രയോഗമാണ്.
രണ്ടാമൂഴം എന്ന നോവലില്‍ പ്രയോഗിച്ചപോലെ എം.ടിയ്ക്കു മാത്രം കഴിയുന്ന സാഹിത്യഭാഷയാണ് ഒരു വടക്കന്‍ വീരഗാഥയിലെ സംഭാഷണങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളത്. കാലത്തെ മറികടക്കാന്‍ ഉപയോഗിച്ച ആ ഭാഷാപ്രയോഗത്തിന്റെ രസതന്ത്രത്തെ 'ഉറുമി'യിലൊക്കെ അനുകരിച്ച് വഷളാക്കിയിട്ടുണ്ട്.
ആ സിനിമയിലൊക്കെ കഥാപാത്രങ്ങള്‍ എന്താണ് അവര്‍ പറയുന്നത് മനസിലാക്കാന്‍ പോലുമായിരുന്നില്ല. എന്തായാലും വീരത്തിന് ആ വഷളത്തരം ഇല്ല. എന്നാല്‍ സംഭാഷണങ്ങള്‍ സ്വഭാവികമായി രചിച്ചിട്ടുണ്ടെങ്കിലും പരിചയസമ്പന്നരല്ലാത്ത ഇതരഭാഷാ അഭിനേതാക്കളെക്കൊണ്ട് അവ അതരിപ്പിച്ചതു കൊണ്ട് അങ്ങേയറ്റം കൃത്രിമത്വം നിറഞ്ഞുനിന്നുവെന്നു മാത്രം.
അതേസമയം പരിചിതമല്ലാത്ത പദങ്ങള്‍ക്കു മലയാളം സബ്ടൈറ്റിലുകളും ഉപയോഗിച്ചിട്ടുണ്ട്. മലയാളം സിനിമയ്ക്കു മലയാളം സബ്ടൈറ്റില്‍ തന്നെ ഉപയോഗിക്കേണ്ടിവന്ന ആദ്യസിനിമയായിരിക്കണം വീരം.
ഠ ഇതൊരു ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് സിനിമയല്ല. വീരകഥകളുടെ ആധുനികമായ ആവിഷ്കാരമാണ്. എന്നാല്‍ എന്റര്‍ടെയ്നറാകാന്‍ കഴിയുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെ പറയേണ്ടിവരും. ഒന്നേമുക്കാല്‍ മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് വല്ലാത്ത മുഷിപ്പ് അനുഭവപ്പെടുന്നുണ്ട്.
ഠ അങ്കത്തട്ടിന്റെ സി.ജി. ദൃശ്യങ്ങളുടെ ധാരാളത്തിവും അതു സൃഷ്ടിക്കുന്ന കൃത്രിമത്വവും ഒഴിച്ചാല്‍ സിനിമയുടെ വിഷ്വല്‍ ഡിസൈന്‍ അതിഗംഭീരമാണ്. മലയാളത്തില്‍ സമാനതകളില്ലാത്തത് എന്നുതന്നെ പറയാം. പ്രത്യേകിച്ച് എസ്. കുമാറിന്റെ അതുല്യമായ ദൃശ്യപരിചരണമികവ് കൂടിയാകുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ഓര്‍മയില്‍ തങ്ങിനില്ക്കുന്ന ഒട്ടനേകം ഫ്രെയിമുകള്‍ വീരം സമ്മാനിക്കുന്നുണ്ട്.
ഠ പിന്നെ ആകെ മൊത്തം ടോട്ടല്‍ എങ്ങനെയുണ്ട് എന്നു ചോദിച്ചാല്‍ ടിപ്പിക്കല്‍ സെക്കന്‍ഡ് ഷോ ശൈലിയില്‍ പറയുന്നു; വല്യ മെനക്കേടാണു കണ്ടിരിക്കല്‍.
നവരസങ്ങളെ അധികരിച്ചുള്ള സിനിമാപരമ്പരയില്‍, ഷേക്സ്പീരിയന്‍ നാടകങ്ങളുടെ പുനരാഖ്യാനങ്ങളില്‍ പരീക്ഷണം കണ്ടെത്തുന്ന കാഴ്ചകൂടിയാണ് വീരം-മാക്ബത്ത്. വില്യം ഷേക്സ്പിയറിന്റെ മാക്ബത്ത് എന്ന വിഖ്യാതനാടകത്തെ വടക്കന്‍ പാട്ടിലേക്കു ലയിപ്പിക്കുക എന്ന സാഹസത്തിനാണ് ജയരാജ് മുതിര്‍ന്നത്. ഷേക്സ്പിയറുടെ ജനനത്തിനും നൂറ്റാണ്ടുകള്‍ക്കുമുമ്പ് പിറന്ന ചേകവന് പാട്ടുകളില്‍ മാക്ബത്തിനോട് അസാമാന്യാമായ സാമ്യം ഉണ്ടെന്ന് രണ്‍ജി പണിക്കരുടെ വോയ്സ് ഓവര്‍ നമ്മോടു പറയുന്നുണ്ട്.
സ്കോട്ട്ലന്‍ഡിന്റെ അധിപനായിത്തീരുമെന്ന ദുര്‍മന്ത്രവാദിനികളുടെ വാക്കുകേട്ട് രാജാവിനെയും വധിച്ച് എതിരാളികളെ കൊന്നൊടുക്കി രാജ്യം പിടിച്ച് പരിഭ്രാന്തിയിലും ഭ്രാന്തിലും അവസാനിച്ച സ്കോട്ട്ലാന്‍ഡ് പടത്തലവന് മാക്ബത്തിന്റെ കഥയിലേക്ക് ചന്തുവിനെ വലിയ ഏച്ചുകെട്ടലുകളില്ലാതെ സമന്വയിപ്പിക്കാന്‍ രചന നിര്‍വഹിച്ച ജയരാജിനു കഴിഞ്ഞിട്ടുണ്ട്.
മൂത്തതാര് എന്ന ഉണ്ണിക്കോനന്മാരുടെ തര്‍ക്കത്തില്‍ പടവെട്ടിതീരാന് തീരുമാനിച്ച ആരോമല്‍ ചേകവരുടേയും അരിങ്ങോടരുടേയും പഴയ ആ വടക്കന്‍ വീരഗാഥ ആഖ്യാനത്തില്‍ തന്നെയാണ് ഈ മാക്ബത്തിയന്‍ ട്രാജഡി അരച്ചുചേര്ത്തിരിക്കുന്നത്. എന്നാല്‍ ഉണ്ണിയാര്ച്ചയില് മോഹിതനായി തറവാടിനുവേണ്ടി മച്ചുനന്‍ തുണപോകുന്ന ചന്തുവല്ല കുനാല്‍ കപൂര്‍ അവതരിപ്പിക്കുന്നത്, പകയാല്‍-പതിനെട്ടു കളരിക്കും നാഥനാകുമെന്ന പൂശാരിച്ചി(മന്ത്രവാദിനി)യുടെ പ്രചവനത്താല് ചതിയും വീറും ഒരുമിച്ചു ചേര്‍ന്ന മാക്ബത്തിയന്‍ ചന്തുവിനെയാണ്.
എം.ടിയും ഹരിഹരനും സൃഷ്ടിച്ച ചന്തു ഉണ്ണിയാര്‍ച്ചയോടുള്ള പ്രേമത്തില്‍ അലിയുന്നവനും മറ്റു സ്ത്രീകളോടു കാര്‍ക്കശ്യക്കാരനും മൂല്യങ്ങളില്‍ ഉറച്ചുനില്ക്കുന്നവനുമാണ്. വീരത്തിലെ ചന്തു സുന്ദരമായ സ്ത്രീ ശരീരങ്ങളോടുള്ള ചേകവന്റെ ആര്ത്തിമറച്ചുവയ്ക്കാത്തവനാണ്. ഉണ്ണിയാര്‍ച്ചയോടും കുട്ടിമാളുവിനോടും ശരീരം പങ്കിടുന്ന ചന്തുവിന്റെ രംഗങ്ങള്‍ അതീവസുന്ദരമായാണ് ജയരാജ് പകര്‍ത്തിയിരിക്കുന്നത്.
വീരത്തിലെ ഏറ്റവും ആകര്‍ഷകമായ ഘടകവും കാമാതുരമായ ഈ രംഗങ്ങളുടെ ചിത്രീകരണമാണ്. നിറങ്ങളുടെ വിന്യാസവും സംഗീതവും അജന്ത-എല്ലോറ ഗുഹകളിലൊരുക്കിയ സെറ്റുകളും വടക്കന്‍ മലബാറിനെ അനുസ്മരിപ്പിക്കില്ലെങ്കിലും പൗരാണിക ഭാരതത്തിന്റെ ചില ഗംഭീരചിത്രങ്ങള്‍ സമ്മാനിക്കുന്നുണ്ട്. അല്ലെങ്കിലും ചന്തുവിന്റെ കഥ മാത്രമേ ജയരാജ് കൈക്കൊണ്ടിട്ടുള്ളു.
ബാക്കിയെല്ലാം യൂണിവേഴ്സല്‍ കാഴ്ചകള്ക്കനുസൃതമായാണ് ഒരുക്കിയിരിക്കുന്നത്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമുള്ള ആധികാരികതയ്ക്കു ശ്രമിക്കുന്നില്ല എന്നര്‍ഥം. എന്തിനധികം പുത്തൂരംവീട്ടിലെ വീരകഥകള്‍ പാടിനടക്കുന്ന പാണന് പോലും 'ഫ്രീക്കനാ'ണ്. വേഷവും ആടയാഭരണങ്ങളും ചമയങ്ങളും എല്ലാം അതുപോലെ തന്നെ.
കളരിപ്പയറ്റിന്റെ ഡിസ്പ്ലേ എന്ന നിലയിലും വീരം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പറന്നുള്ള പയറ്റല്ല, ഏറെക്കുറെ ഉള്‍ക്കൊള്ളാനാവുന്ന ശാസ്ത്രീയചുവടുകളുള്ള പയറ്റാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അങ്കത്തട്ടിലെ കാഴ്ചക്കാര്‍ക്കായി ഒരുക്കിയ ഗ്രാഫിക്സ് കാണികള്‍ അയഥാര്‍ഥവും ആനിമേഷന്‍ സിനിമയ്ക്കു തുല്യവുമായിപ്പോയി.
എം.എഫ്. ഹുസൈന്റെ മീനാക്ഷി, രംഗ് ദേ ബസന്തി എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ നടനാണ് കുനാല്‍ കപൂര്‍. ചന്തുവായുള്ള കുനാലിന്റെ വേഷപ്പകര്‍ച്ച മഹാനടന്മാരെ കണ്ടിട്ടുള്ള മലയാളിക്ക് സ്വീകാര്യമാകാന്‍ സാധ്യതയല്ല. ജിമ്മില്‍ കടഞ്ഞെടുത്ത കുനാലിന്റെ ശരീരമാവണം ചന്തുവിലേയ്ക്ക് എത്തിച്ചത്. കുനാലിന്റെ സംഭാഷങ്ങള്ക്കൊക്കെ വല്ലാത്തൊരു നിര്‍വികാരതയുണ്ട്.
ചതിയിലും പ്രണയത്തിലും ഭയത്തിലും കുറ്റബോധത്തിലും ആത്മസംഘര്‍ഷങ്ങള്‍ നേരിടുന്ന, തന്റെ വീരത്തില്‍ വിശ്വസിക്കുന്ന ചന്തുവിനെ വളരെ സങ്കീര്‍ണമായാണ് ജയരാജ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കുനാല്‍ ശരീരം മാത്രമായിപ്പോയി. പരിചയമുള്ള താരങ്ങളാരും തന്നെ സിനിമയിലില്ല. ഹിമര്‍ഷ വെങ്കിട്ടസ്വാമിയാണ് ഉണ്ണിയാര്‍ച്ചയെ അവതരിപ്പിക്കുന്നത്.
വടക്കന്‍ പാട്ടിലെ വീരാംഗനയുടെ വീരമല്ല അംഗലാവണ്യമാണ് സംവിധായകന് ലക്ഷ്യമിട്ടതെന്നുറപ്പിക്കാം. ഭേദപ്പെട്ടതായി തോന്നിയത് കുട്ടിമാണിയെ അവതരിപ്പിക്കുന്ന ദിവ്യാന താക്കൂര്‍ എന്ന പരസ്യമോഡലാണ്. ഡബ്ബിങ്ങും മെച്ചപ്പെട്ടുനിന്നു. അതികായനായ ചന്തുവുമായി ഏറ്റുമുട്ടാനെത്തിയ ആരോമലുണ്ണിയെയും കണ്ണപ്പനുണ്ണിയെയും കണ്ടാല്‍ സഹതാപം തോന്നും. പാവങ്ങള്‍, ഏതോ കളരിയില്‍നിന്ന് ഓടിച്ചിട്ടു പിടിച്ചതാണെന്നു തോന്നുന്നു.