
തിരുവനന്തപുരം: പാർട്ടി സഖാക്കൾക്ക് തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരമൊരുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമായിരുന്നു എന്നും എല്ലാവരെയും കേട്ട ശേഷം വിശകലനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രാഥമിക വിലയിരുത്തലുകളാണ് നടത്തിയത്. തോൽവിയുടെ കാരണം വിശദമായി വിലയിരുത്തും. എല്ലാ ഘടകങ്ങളിലും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തും. സഖാക്കൾക്ക് സ്വതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരമൊരുക്കും. മുന്നണിയെയും ജനങ്ങളെയും കണക്കിലെടുത്തായിരിക്കും മുന്നോട്ടുള്ള പ്രവർത്തനമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. പാർട്ടിയുടെ പരാജയത്തിനു വിവിധ കാരണങ്ങൾ ഉണ്ട്. സംഘടനാപരമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ എൽഡിഎഫിന് 37.6 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത് താരതമ്യേന കുറവാണെങ്കിലും മുമ്പ് ഇതിലും കുറവ് ലഭിച്ചിട്ടുണ്ട്. അന്നൊക്കെ തിരുത്തലുകൾ നടത്തി തിരിച്ചുവന്നിട്ടുണ്ട് എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സെക്രട്ടറിയേറ്റ് യോഗം പൂർത്തിയാവുന്നതിനു മുമ്പ് തിരക്കിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെയാണ് എംവി ഗോവിന്ദൻ മടങ്ങിയത്. പിണറായി വിജയൻ പരാജയത്തെ കുറിച്ച് പ്രതികരണം നടത്താതും ചോദ്യങ്ങളായി. എല്ലാവരും പ്രതികരിക്കും എന്നുമാത്രമായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി.






