
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും നിലപാടുകളും പ്രധാന കാരണമായെന്ന വിമര്‍ശനവുമായി സി.പി.ഐ. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും എക്സിക്യൂട്ടീവ് യോഗത്തിലും മുഖ്യമന്ത്രിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാനാവില്ലെന്നും അത്തരമൊരു തീരുമാനം ഇടതുമുന്നണിക്ക് കൂടുതല്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ പൊതുപ്രസംഗങ്ങളിലുണ്ടായ ചില പരാമര്‍ശങ്ങള്‍ ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചുവെന്ന് യോഗം വിലയിരുത്തി. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയാറായില്ല. ഇത് ജനങ്ങളില്‍ അസ്വസ്ഥത വര്‍ധിപ്പിച്ചു. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതൃത്വം പ്രതികരിക്കാതിരുന്നത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ കാരണമായെന്നും യോഗം വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സി.പി.ഐക്കു വലിയ വീഴ്ചയുണ്ടായി. അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനാണെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. ഇടതുമുന്നണിയില്‍ സി.പി.ഐയുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല.
സി.പി.എം തീരുമാനങ്ങള്‍ അംഗീകരിക്കുന്ന നിലയിലേക്ക് സി.പി.ഐ ചുരുങ്ങിയെന്നായിരുന്നു മറ്റൊരു വിമര്‍ശനം. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പോലും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാതെയായിരുന്നുവെന്ന പരാതിയും യോഗത്തിലുണ്ടായി. ഇന്ന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിഷയങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നേക്കുമെന്നാണ് സൂചന. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി സ്വന്തം വഴിക്കു പോയപ്പോള്‍ മന്ത്രിമാര്‍ തോന്നിയതുപോലെ പ്രവര്‍ത്തിച്ചെന്നും സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
'മന്ത്രിമാരും അവരുടെ സഹായിസംഘങ്ങളും താന്തോന്നികളായി പ്രവര്‍ത്തിച്ചു. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന പ്രഖ്യാപനം നടപ്പായില്ല. പാര്‍ട്ടി അംഗങ്ങളുടെയും കുടുംബങ്ങളുടെയും വോട്ടുകള്‍ പോലും എതിര് സ്ഥാനാര്‍ഥികള്‍ക്കു പോയി' എന്നും വിലയിരുത്തലുണ്ടായി. തളിപ്പറമ്പില്‍ ഭാര്യയെ സ്ഥാനാര്ഥിയാക്കിയതിനെത്തുടര്ന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും സ്വയം ക്ഷണിച്ചുവരുത്തിയ പ്രതിസന്ധിയാണെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചതും വിമര്‍ശനവിധേയമായി. അമ്പലപ്പുഴയില്‍ പാര്‍ട്ടിവിട്ട ജി.സുധാകരന് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതും ചര്‍ച്ചയായി. അവിടുത്തെ പ്രശ്നങ്ങള്‍ക്കു കാരണം പക്വതയില്ലാത്ത ജില്ലാ നേതൃത്വമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആദ്യമായാണ് മുഖ്യമന്ത്രിക്കെതിരേ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത്ര ശക്തമായ വിമര്‍ശനം ഉയരുന്നത്.






