
ദോഹ: മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും 'പേട്രിയറ്റ് ' എന്ന ചിത്രത്തിലൂടെ 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോൾ ആരാധകരുടെ ആവേശം കടൽ കടന്ന് ഖത്തറിലുമെത്തി. ഖത്തറിന്റെ സിനിമാ ചരിത്രത്തിൽ ആദ്യമായി മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും ഒന്നിച്ചണിനിരന്ന ചരിത്രപരമായ ആഘോഷത്തിനാണ് ദോഹ സാക്ഷ്യം വഹിച്ചത്.മമ്മൂട്ടിയും മോഹൻലാലും സ്ക്രീനിൽ ഒന്നിക്കുമ്പോൾ മലയാളികൾക്ക് അതൊരു വികാരമാണ്. ഖത്തറിലെ ആരാധകർ ഒരൊറ്റ മനസ്സോടെ ഈ ആഘോഷം ഏറ്റെടുത്തത് പ്രവാസ ലോകത്തെ സിനിമാ പ്രേമികൾക്കിടയിൽ പുതിയൊരു ചരിത്രമായി മാറി.മുഷരിബ് ഗല്ലറിയ നോവോ സിനിമാസിൽ നടന്ന ഫാൻസ് ഷോയ്ക്ക് മാറ്റുകൂട്ടാൻ ചിത്രത്തിന്റെ നിർമ്മാതാവും പ്രമുഖ ബിസിനസ്സുകാരനും നടനുമായ സി.ആർ. സലിം മുഖ്യാതിഥിയായി എത്തി. നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിനിർത്തിരണ്ട് സൂപ്പർ താരങ്ങളുടെയും ആരാധകർ ഒരുമിച്ചാഘോഷിച്ച ചടങ്ങ് ആഘോഷഭരിതമായി.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാസ്സ് ഡയലോഗുകൾ കോർത്തിണക്കിയ സ്പെഷ്യൽ മാഷപ്പ് വീഡിയോകൾ ആരാധകരെ ആവേശത്തിലാഴ്ത്തി.
മലയാള തനിമ വിളിച്ചോതുന്ന ആവേശകരമായ ചെണ്ടമേളം ചടങ്ങിന് ഉത്സവപ്രതീതി നൽകി. Xds- ന്റെ മിന്നും നൃത്തപ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി.മലയാള സിനിമയുടെ കരുത്തായ രണ്ട് വിസ്മയങ്ങൾ ഒരേ ഫ്രെയിമിലെത്തിയ'പേട്രിയറ്റ് ' ഫാൻസ് ഷോ സൗഹൃദത്തിന്റെയും ആവേശത്തിന്റെയും മഹാസംഗമമായി.
ഖത്തർ മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് സതീഷ്, സെക്രട്ടറി രാഹുൽ.
മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ കമ്മിറ്റി പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖിൽ.
ഉപദേശക സമിതി ചെയർപേഴ്സൺ മിനി ബെന്നി എന്നിവർ സാന്നിധ്യം വഹിച്ചു.ചടങ്ങിൽ ആരാധകർക്കൊപ്പം മുഖ്യാതിഥിയായ സി ആർ സലിം കേക്ക് മുറിച്ചു മധുരം പങ്കുവച്ചു. സി ആർ സലീമിനും, ട്രൂത്ത് പ്രതിനിധിക്കും സംഘാടകർ മൊമെന്റോ നൽകി. അക്ബർ അലിയും ശാന്തിയും അവതാരകരായിരുന്നു.
ഷഫീക്ക് അറയ്ക്കൽ






