
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
ഇന്ത്യൻ എംബസി കൗൺസിലർ ഡോ. വൈഭവ് എ. ടണ്ടാലെ, ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബു രാജൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് എന്നിവരും മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഉപകാരപ്പെടുന്ന നിരവധി സേവനങ്ങളാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്.വാർത്തകൾ, അറിയിപ്പുകൾ,ഇവന്റ് അലർട്ടുകൾ എന്നിവ തത്സമയം ഇന്ത്യൻ കമ്മ്യുണിറ്റിയിലേക്കെത്തും.
പ്രവാസികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്പിൽ ജോബ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബയോഡാറ്റ അപ്ലോഡ് ചെയ്യാനും തൊഴിൽ അവസരങ്ങൾ തിരയാനും ഇതിലൂടെ സാധിക്കും.പ്രത്യേക ആനുകൂല്യങ്ങളും മുൻഗണനാ സേവനങ്ങളും പാർട്ണർ ഡിസ്കൗണ്ടുകളും ലഭിക്കുന്ന പ്രീമിയം മെമ്പർഷിപ്പ് പദ്ധതിയായ ഐസിസി എലൈറ്റ് ക്ലബ്ഏറെ പ്രയോജനപ്രദമാണ്.
ഐസിസിക്ക് കീഴിലുള്ള വിവിധ ഫോറങ്ങൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അപ്ഡേറ്റുകളും ആപ്പിൽ ലഭ്യമാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയം കൂടുതൽ സുതാര്യമാക്കാനും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കാനും ഈ ആപ്ലിക്കേഷൻ സഹായിക്കും. ഐഒഎസ് (iOS), ആൻഡ്രോയിഡ് (Android) പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
ഷഫീക്ക് അറയ്ക്കൽ






