
ചെന്നൈ: സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് വീണ്ടും ഗവർണർ ആർവി അർലേക്കറെ സന്ദർശിച്ചു. രാജ്ഭവന്റെ തീരുമാനത്തിലേക്കും ടിവികെയുടെ ആഭ്യന്തര ചർച്ചകളിലേക്കുമാണ് ഇപ്പോൾ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ തമിഴ്നാടിന്റെ രാഷ്ട്രീയ ദിശ നിശ്ചയിക്കുന്നതിൽ ഈ നീക്കങ്ങൾ നിർണ്ണായകമാകും.
നടനും രാഷ്ട്രീയ നേതാവുമായ സി ജോസഫ് വിജയ് വ്യാഴാഴ്ച രാവിലെ ഗവർണർ ആർ.വി. അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ തങ്ങൾക്കുണ്ടെന്ന് അറിയിച്ചു. സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചാൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയ്യാറാണെന്ന് വിജയ് ഗവർണർക്ക് ഉറപ്പുനൽകിയതായാണ് വിവരം.
ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഗവർണർ നിരസിക്കുകയാണെങ്കിൽ നിയമപരമായ വഴികൾ തേടുന്നതിനെക്കുറിച്ചും പാർട്ടി ആലോചിക്കുന്നുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ചടങ്ങുകൾ മാറ്റിവെക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ ക്ഷണം ലഭിക്കുന്നതിന് മുമ്പ്, കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടിവികെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവാണുള്ളത്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ് ഒരു സീറ്റ് ഒഴിയേണ്ടി വരും.






