
ദോഹ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ അത്യുജ്ജല വിജയത്തിന്റെ ആവേശത്തിൽ ഖത്തറിലെ എറണാകുളം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. എറണാകുളം ജില്ലയിലെ മുഴുവൻ നിയമസഭാ സീറ്റുകളും തൂത്തുവാരി യു.ഡി.എഫ് നേടിയ ചരിത്രവിജയം കേക്ക് മുറിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ആഘോഷമാക്കി. തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ ഒത്തുകൂടിയ പ്രവർത്തകരും നേതാക്കളും വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്കും ഈ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച ടീം യു.ഡി.എഫിനും പ്രവർത്തകർ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു. കേരളത്തിൽ ജനകീയ സർക്കാർ അധികാരത്തിലേറുന്നതിന്റെ ആവേശത്തിലാണ് പ്രവാസലോകമെന്നും ജില്ലയിലെ ക്ലീൻ സ്വീപ്പ് പ്രവർത്തകർക്ക് ഇരട്ടി മധുരമാണെന്നും നേതാക്കൾ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ






