
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയിൽ നീക്കം തുടങ്ങി കെഎസ്ആർടിസി. ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ് 9 മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി .
സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കും. യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്.






