
തിരുവനന്തപുരം: ഫിഷറീസും ഗ്രാമവികസനവും മുസ്‌ളീംലീഗിന് നല്‍കിയത് കോണ്‍ഗ്രസില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ വീണ്ടും മാറ്റം. ഗവര്‍ണര്‍ക്ക് പട്ടിക കൈമാറുന്നതിന് തൊട്ടു മുമ്പായിട്ടാണ് വീണ്ടും മാറ്റം വന്നിരിക്കുന്നത്. റവന്യൂ വകുപ്പ് എ.പി. അനില്‍കുമാറിനും സണ്ണിജോസഫിന് വൈദ്യുതി, പാര്‍ലമെന്ററി കാര്യ വകുപ്പ് നല്‍കും.
നേരത്തേ സണ്ണിജോസഫിനെ ഏല്‍പ്പിച്ച റവന്യൂവകുപ്പ് എ.പി. അനില്‍കുമാറിന് നല്‍കും. എം ലിജുവിന് എക്‌സൈസ്, സഹകരണം പി.സി. വിഷ്ണുനാഥിന് ടൂറിസവും സിനിമയും നല്‍കിയേക്കും. ദേവസ്വം വകുപ്പ് കെ.മുരളീധരന് തന്നെ നല്‍കാനാണ് നീക്കം. ഫിഷറീസും ഗ്രാമവികസനവും മുസ്‌ളീംലീഗിന് നല്‍കിയത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ജനകീയ ഇടപെടലും കേന്ദ്രഫണ്ടുമുള്ള വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യണമെന്നായിരുന്നു വിലയിരുത്തല്‍. ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനും പദ്ധതികള്‍ നടപ്പാക്കി അവരിലേക്ക് ഇറങ്ങിച്ചെല്ലാനുമുള്ള അവസരം ഈ വകുപ്പുകളില്‍ ഉണ്ടെന്നും അത് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യണമെന്നുമായിരുന്നു വിലയിരുത്തല്‍. നേരത്തേ ഉന്നത വിദ്യാഭ്യാസം കൈമാറണമെങ്കില്‍ ഫിഷറീസും ഗ്രാമവികസനവും കൈമാറണം എന്നായിരുന്നു മുസ്‌ളീംലീഗ് ആവശ്യപ്പെട്ടത്. അത് അനുസരിച്ചായിരുന്നു വകുപ്പില്‍ വീണ്ടും മാറ്റം വരുത്തിയത്.






