
2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. കേരളത്തിലെ പരാജയത്തോടെ ഇടതുപക്ഷ ഭരണമില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ആദ്യം ബംഗാളും പിന്നെ ത്രിപുരയും കൈവിട്ടപ്പോഴും കേരളം മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത്തവണത്തെ ജനവിധി ആ പ്രതീക്ഷയും അപ്പാടെ മാറ്റി മറിച്ചു.
ഇടതുപക്ഷം പരാജയപ്പെട്ടതിനു പിന്നാലെ ഇക്കഴിഞ്ഞ ദിവസം പിണറായി വിജയന്‍ തന്റെ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. മറ്റു പാര്‍ട്ടി അനുഭാവികള്‍ ഈ രാജിയെ ഒരു ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ഇടതുപക്ഷത്തിന്റെ കനത്ത പരാജയവും വലതു പക്ഷത്തിന്റെ ഗംഭീര വിജയവും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ മുന്‍മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പുതിയ പോസ്റ്റ് പങ്കിടുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കില്‍ പിണറായി വിജയന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടില്‍ ജോലി നല്‍കാൻ ചിലപ്പോള്‍ യുഡിഎഫ് ഗവണ്‍മെന്‍റ് തയാറായേക്കുമെന്നാണ് ജോയ് മാത്യു തന്റെ ഫെയ്സ്ബുക്കിലൂടെ പരിഹാസിച്ചു കുറിച്ചിരിക്കുന്നത്.
‘‘പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കിൽ പിണറായി വിജയന് ഭാഷ ഇൻസ്റ്റിറ്റിയൂട്ടിൽ ജോലി നൽകാൻ ചിലപ്പോൾ യു ഡി എഫ് ഗവർമെന്റ് തയ്യറായേക്കും .
മലയാള ഭാഷാപ്രയോഗത്തിലും ഭാഷാ ശൈലിക്ക് നൽകിയ സംഭവനകളെയും മുൻനിർത്തിയായിരിക്കും നിയമനം...
NB:കൂടെ fb യിൽ കാപ്സ്യൂൾ തെറിയെഴുതുന്ന അടിമകൾക്കും അവസരം ലഭിക്കുമത്രേ...’’ എന്നാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്. നിരവധി ആളുകള്‍ താരത്തിന്റെ പോസ്റ്റിനെ പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്. എങ്കിലും എതിര്‍ത്ത് കമന്റിടുന്നവരും കുറവല്ല. ഇതിനു മുമ്പും പലപ്പോഴും ജോയ് മാത്യു സര്‍ക്കാരിനെയും സര്‍ക്കാരിന്റെ വിവിധ തീരുമാനങ്ങളെയും പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. മുഖം നോക്കാതെ നിലപാടുകള്‍ തുറന്നെഴുതുന്നതില്‍ ഒരിക്കലും താരം പിന്നോട്ടു നിന്നിട്ടില്ല.






