
നെടുങ്കണ്ടം: പച്ചടി ഇരട്ടക്കൊലപാതക കേസില്‍ വഴിത്തിരിവ്. പ്രതി പച്ചടി തോട്ടുവാക്കട പൊന്നൂട്ടിയില്‍ സജി (43) എട്ടു വര്‍ഷം മുമ്പ് തന്റെ പിതാവ് മാത്യു(73)വിനെയും കൊന്നു കുഴിച്ചുമൂടിയെന്ന സംശയം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന. പോലീസ് ചോദ്യം ചെയ്യലില്‍ ഇതിനുള്ള തെളിവ് ലഭിച്ചതായാണ് വിവരം.
ഇന്നലെ സജിയുടെ വീടിന് സമീപം പോലീസ് മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണുമാറ്റി പരിശോധന നടത്തി. സജി അമ്മ മേരിക്കുട്ടി(70), സഹോദരന് റെജി(54) എന്നിവരെ കൊന്ന് കുഴിച്ചിട്ടതിന് സമീപത്തു തന്നെയാണ് പരിശോധിക്കുന്നത്. പരിശോധനയില്‍ ഒരു അസ്ഥി കഷ്ണവും വസ്ത്രങ്ങളും കണ്ടെത്തി. അസ്ഥി അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇവ മാത്യുവിന്റേത് ആണോയെന്ന് സ്ഥിരീകരിക്കാനാകൂ. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തുടങ്ങിയ തെളിവെടുപ്പ് രാത്രിയിലാണ് അവസാനിച്ചത്.
കഴിഞ്ഞ മാസം 27നാണ് സജി അമ്മ മേരിക്കുട്ടിയെയും സഹോദരന് റെജിയെയും കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയത്. ഏപ്രില്‍ രണ്ട് മുതല്‍ മേരിക്കുട്ടിയെയും മകന് റെജിയെയും കാണാനില്ലായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം സജി നല്കിയ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തിയിരുന്നു.






