
ബിജിംഗ്: അത്യപൂർവമായ വെളിപ്പെടുത്തലുമായി ചൈന. ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ പാകിസ്ഥാനെ സഹായിക്കാൻ ഏവിയേഷൻ വിദഗ്ധരെ അയച്ചിരുന്നുവെന്ന് സ്ഥിരീകരണം. ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവിയെ ഉദ്ധരിച്ച് 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ എഞ്ചിനീയർമാർ പാകിസ്ഥാന്റെ സൈനിക നീക്കങ്ങളിൽ നേരിട്ട് പങ്കുചേർന്നതായി ചൈനീസ് ടെലിവിഷൻ പുറത്തുവിട്ട അഭിമുഖത്തിൽ പറയുന്നു. ഇന്ത്യ-പാക് സംഘർഷത്തിൽ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ബീജിംഗ് ഔദ്യോഗികമായി സമ്മതിക്കുന്നത് ഇതാദ്യമാണ്.
നിരന്തരമായ എയർ-റെയ്ഡ് സൈറണുകൾക്കിടയിലും 50 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ കഠിനമായ ചൂടിലുമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഏവിയേഷൻ എഞ്ചിനിയർ ഷാങ് ഹെങ് അഭിമുഖത്തിൽ വെളിപ്പെടുത്തി. പാകിസ്ഥാൻ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത J-10CE യുദ്ധവിമാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ചൈനീസ് വിദഗ്ധർ പ്രധാനമായും പ്രവർത്തിച്ചത്.
ഇന്ത്യൻ സൈന്യത്തിന്റെ കണക്കനുസരിച്ച് പാകിസ്ഥാന്റെ സൈനിക ഉപകരണങ്ങളിൽ 81 ശതമാനവും ചൈനീസ് നിർമ്മിതമാണ്. ചൈന തങ്ങളുടെ അത്യാധുനിക ആയുധങ്ങൾ പരീക്ഷിക്കാനുള്ള ഒരു 'ലൈവ് ലാബ്' ആയി പാകിസ്ഥാനെ ഉപയോഗിക്കുകയാണെന്ന് ഇന്ത്യൻ ആർമി ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ് നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ-പാക് സംഘർഷം രൂക്ഷമായത്. ഇതിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചു. ഇതിൽ ജെയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-ത്വയ്ബ തുടങ്ങിയ സംഘടനകളിൽപ്പെട്ട നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






