
മൂന്ന് വര്‍ഷം മുമ്പ് വരെ ലോണ്‍ വാര്‍ബര്‍ട്ടണ്‍ എന്ന കാനഡക്കാരന് ഹാന്റ വൈറസ് വെറുമൊരു അപരിചിത നാമമായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍, മരണത്തിന്റെ നിഴല്‍ വീണ ആ വൈറസ് ബാധയെ 'ഭൂമിയിലെ നരകം' എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. 2023 ലാണ് കഠിനമായ ശരീരവേദന, വിട്ടുമാറാത്ത തലവേദന, ശ്വാസതടസ്സം തുടങ്ങിയ കോവിഡ് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം തുടങ്ങിയതെന്നും, നിമിഷങ്ങള്‍ക്കകം നില വഷളായി ലൈഫ് സപ്പോര്‍ട്ട് സംവിധാനങ്ങളുടെ സഹായം തേടേണ്ടി വന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.
അര്‍ജന്റീനയില്‍ നിന്ന് യാത്ര തിരിച്ച 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് ക്രൂയിസ് കപ്പലില്‍ ഹാന്റ വൈറസ് സ്ഥിരീകരിക്കുകയും മൂന്ന് യാത്രക്കാര്‍ മരണപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമാകുന്നത്. ചില പ്രത്യേക തരം ഹാന്റ വൈറസ് സ്‌ട്രെയിനുകള്‍ക്ക് 20% മുതല്‍ 40% വരെ മരണനിരക്ക് ഉണ്ടാകാമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കപ്പലിലെ രോഗബാധ പുറംലോകം അറിഞ്ഞതോടെ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ മുന്‍ രോഗികള്‍ തങ്ങളുടെ പോരാട്ടവീര്യം പങ്കുവെക്കുകയായിരുന്നു. ജര്‍മ്മനിയില്‍, ക്രിസ്റ്റ്യന്‍ എഗെ എന്നയാള്‍ക്കും 2019 മെയ് മാസത്തില്‍ കോവിഡ് പോലുള്ള ലക്ഷണങ്ങളുണ്ടായി. പിന്നാലെ വൃക്ക തകരാറും സെപ്‌സിസും അനുഭവപ്പെട്ടു. ഹാന്റ വൈറസാണ് പിന്നിലെന്ന് പിന്നീട് കണ്ടെത്തി.
ഹാന്റ വൈറസ് മാരകമാണെങ്കിലും കോവിഡിനെപ്പോലെ ഒരു ആഗോള പകര്‍ച്ചവ്യാധിയാകാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കോവിഡ് വൈറസിനെപ്പോലെ ഇത് വായുവിലൂടെ വ്യാപകമായി പകരില്ല എന്നതാണ് ആശ്വാസകരമായ വസ്തുത. എങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടനടി ചികിത്സ തേടേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.






