
അരനൂറ്റാണ്ടിലേറെയായി അണയാതെ കത്തുന്ന തുര്‍ക്ക്മെനിസ്ഥാനിലെ കാരാക്കും മരുഭൂമിയിലെ 'ദര്‍വാസ ഗ്യാസ് ക്രേറ്റര്‍' ഒടുവില്‍ അണയാന്‍ തുടങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വിചിത്രമായ കാഴ്ചകളിലൊന്നായ ഈ ഭീമന് അഗ്നികുണ്ഡത്തിന്റെ തീവ്രതയില്‍ ഗണ്യമായ കുറവുണ്ടായതായി അന്താരാഷ്ട്ര ശാസ്ത്രലോകം വെളിപ്പെടുത്തി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ദീര്‍ഘകാലമായി ആഗ്രഹിച്ച മാറ്റമാണിതെങ്കിലും, തീ അണയുന്നത് കൊണ്ട് മാത്രം മീഥെയ്ന്‍ ചോര്‍ച്ച തടയാനാകില്ലെന്ന ആശങ്കയും ഇതിനോടൊപ്പം ഉയരുന്നുണ്ട്.
1971ല്‍ സോവിയറ്റ് യൂണിയന് നടത്തിയ എണ്ണ പര്യവേക്ഷണത്തിനിടെയാണ് അബദ്ധത്തില്‍ ഈ ഗര്‍ത്തം രൂപപ്പെട്ടത്. ഡ്രില്ലിംഗിനിടെ ഭൂമി ഇടിഞ്ഞുതാഴുകയും വിഷവാതകമായ മീഥെയ്ന്‍ പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങുകയും ചെയ്തു. വാതകം പടരുന്നത് തടയാന്‍ എന്‍ജിനീയര്‍മാര്‍ തീകൊടുക്കുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാതകം കത്തിത്തീരുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും, പ്രകൃതിയെയും ശാസ്ത്രത്തെയും അമ്പരപ്പിച്ചുകൊണ്ട് ആ ജ്വാലകള്‍ 50 വര്‍ഷത്തിലേറെയായി അണയാതെ നിലനിന്നു.
സമീപകാലത്ത് നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് തുര്‍ക്ക്മെനിസ്ഥാന്‍ സര്‍ക്കാര്‍ ജ്വാലകളുടെ ശക്തി കുറഞ്ഞ വിവരം ഔദ്യോഗികമായി അറിയിച്ചത്. സ്റ്റേറ്റ് എനര്‍ജി കമ്പനിയായ 'തുര്‍ക്ക്മെന്‍ഗാസ്' നല്കുന്ന വിവരമനുസരിച്ച്, തീജ്വാലകളുടെ തീവ്രത മുന്‍പത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം കുറഞ്ഞിട്ടുണ്ട്. ഗര്‍ത്തത്തിന് സമീപം പുതിയ ഗ്യാസ് കിണറുകള്‍ നിര്‍മിച്ച് വാതകം നിയന്ത്രിക്കുന്നതാണ് കാരണമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, സാറ്റലൈറ്റ് നിരീക്ഷണങ്ങള്‍ പറയുന്നത് തീ സ്വാഭാവികമായി തന്നെ കുറഞ്ഞുതുടങ്ങിയെന്നാണ്.
തുര്‍ക്ക്മെനിസ്ഥാന്റെ വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ദര്‍വാസ. രാത്രികാലങ്ങളില്‍ കിലോമീറ്ററുകള്‍ അകലെ നിന്ന് ദൃശ്യമാകുന്ന ഈ അഗ്നിപ്രഭ കാണാന്‍ ആയിരക്കണക്കിന് വിദേശ സഞ്ചാരികളാണ് മരുഭൂമിയിലെത്തുന്നത്. രാജ്യത്തിന്റെ ടൂറിസം വരുമാനത്തെ ഈ മാറ്റം എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. 2019ല്‍ തുര്‍ക്ക്മെന്‍ പ്രസിഡന്റ് തന്നെ നേരിട്ടെത്തി ഈ മേഖലയില്‍ സാഹസിക യാത്രകള്‍ സംഘടിപ്പിച്ചത് ഇതിന്റെ ആഗോള പ്രശസ്തി വര്‍ധിപ്പിച്ചിരുന്നു.
തീ അണയുന്നത് ദൃശ്യപരമായ മാറ്റമാണെങ്കിലും ശാസ്ത്രീയമായി ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. തീ അണഞ്ഞാലും മീഥെയ്ന്‍ ചോര്‍ച്ച തുടര്‍ന്നാല്‍ അത് അന്തരീക്ഷ മലിനീകരണത്തിനും ആഗോള താപനത്തിനും കാരണമാകും. മീഥെയ്ന്‍ വാതകം കത്തിപ്പോകുന്നത് പരിസ്ഥിതിക്ക് ഒരളവുവരെ ആശ്വാസമായിരുന്നു. അതിനാല്‍, തീ അണയുന്നതിനൊപ്പം ഗര്‍ത്തം പൂര്‍ണ്ണമായും സീല്‍ ചെയ്യുക എന്നതാണ് ഏക പരിഹാരം. അദൃശ്യമായ മീഥെയ്ന്‍ ചോര്‍ച്ച തുടരുമോ അതോ ഈ നരകകവാടം എന്നന്നേക്കുമായി അടയുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.






