
അന്റാര്‍ട്ടിക്കയുടെ മഞ്ഞുപാളികളില്‍ ആധിപത്യം ഉറപ്പിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പെന്ഗ്വിന് വര്‍ഗ്ഗമായ എംപറര്‍ പെന്‍ഗ്വിനുകള്‍ കടുത്ത വംശനാശഭീഷണി നേരിടുന്നതായി ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനം നിലവിലെ രീതിയില്‍ തുടരുകയാണെങ്കില്‍ അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ഇവയ്ക്ക് വംശനാശം സംഭവിച്ചേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അന്റാര്‍ട്ടിക്കയില്‍ മാത്രം കാണപ്പെടുന്ന ഈ സ്പീഷീസുകളുടെ ആവാസവ്യവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ശാസ്ത്രലോകത്തെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പെന്‍ഗ്വിനുകളുടെ പ്രജനന ചക്രത്തെ ബാധിക്കുന്ന മഞ്ഞുരുകലാണ് പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശൈത്യകാലത്ത് മുട്ടയിടുന്ന ഇവയ്ക്ക് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കട്ടിയേറിയ ഐസ് പാളികള്‍ അനിവാര്യമാണ്. എന്നാല്‍ സമുദ്രതാപനം മൂലം മഞ്ഞുപാളികള്‍ വേഗത്തില്‍ ഉരുകുന്നത് കുഞ്ഞ് പെന്‍ഗ്വിനുകളുടെ ജീവനെടുക്കുന്നു. നീന്താനോ അന്റാര്‍ട്ടിക്കയിലെ കഠിനമായ തണുപ്പിനെ പ്രതിരോധിക്കാനോ ശേഷി കൈവരിക്കുന്നതിന് മുന്‍പേ ഐസ് ഉരുകി കടല്‍ വെള്ളത്തില്‍ വീഴുന്ന കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരണപ്പെടാന്‍ ഇത് കാരണമാകുന്നു.
1999 മുതല്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളുടെ കനം ഗണ്യമായി കുറഞ്ഞുവരുന്നതായാണ് കണ്ടെത്തലുകള്‍. കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ ടൂറിസം മേഖലയിലെ വര്‍ദ്ധനവും അമിതമായ മത്സ്യബന്ധനവും ഇവയുടെ നിലനില്‍പ്പിന് വെല്ലുവിളിയാകുന്നുണ്ട്. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിലുണ്ടാകുന്ന ഈ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും തലമുറകള്‍ക്ക് എംപറര്‍ പെന്‍ഗ്വിനുകള്‍ ഒരു ഓര്‍മ്മ മാത്രമായി മാറുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.






