
കോട്ടയം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പടർന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് കൊണ്ടുപോകുന്നത് അത്യന്തം അപകടകരമാണെന്നും പാർട്ടിക്കും മുന്നണിക്കും ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അധികാര വടംവലിയിൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് നല്ലതല്ലെന്നും മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴുമെന്നും കെ സി ജോസഫ് ഓർമ്മിപ്പിച്ചു.
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ അന്തരിച്ച ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ചിത്രം അപമാനിക്കപ്പെട്ടതിൽ അദ്ദേഹം കടുത്ത വേദന രേഖപ്പെടുത്തി. “മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്താണ് വീഴുക” എന്ന് ഓർമ്മിപ്പിച്ച കെ.സി. ജോസഫ്, എല്ലാവരും ജീവനുതുല്യം സ്നേഹിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചത് വലിയ ക്രൂരതയാണെന്നും പറഞ്ഞു.
കെ സി ജോസഫിന്റെ കുറിപ്പ്
മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. കോൺഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങൾ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ് . മലർന്ന് കിടന്ന് തുപ്പിയാൽ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട്. ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കും.






