രാഷ്ട്രീയത്തിലെ ആലിംഗന നയ'തന്ത്രം' ദേശീയ അന്തര്‍ദേശീയ തലത്തില്‍ എന്നും കൗതുകമാണ്. രാഷ്ട്രീയത്തില്‍ ആലിംഗനവും തോളില്‍ കൈയിടലും വെറുമൊരു ശാരീരിക പ്രവര്‍ത്തനമല്ല;അതൊരു ഡിപ്ലോമാറ്റിക് ടൂള്‍ അഥവാ നയതന്ത്ര ഉപകരണമാണ്. കോണ്‍ഗ്രസ് സഹയാത്രികനായ ചെറിയാന് ഫിലിപ്പ് നിയുക്ത എം.എല്‍.എ. ബിന്ദുകൃഷ്ണയെ ആലിംഗനംചെയ്യാന്‍ നോക്കിയത് വിവാദമായി.
പക്ഷേ ലോക ചരിത്രം പരിശോധിച്ചാല്‍ ആലിംഗനമില്ലാതെ തോളില്‍ കൈയിടലില്ലാതെ എന്ത് രാഷ്ട്രീയമെന്ന് മനസിലാകും. വിദേശ രാജ്യങ്ങളില്‍ ആലിംഗനം പലപ്പോഴും ഒരു തമാശയോ അല്ലെങ്കില്‍ വലിയൊരു ചര്‍ച്ചയോ ആവാറുണ്ട്. റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസറെ ബ്രൂട്ടസ് കെട്ടിപ്പിടിച്ചത് പോലെയാണ് പല രാഷ്ട്രീയ ആലിംഗനങ്ങളും. ചരിത്രം പരിശോധിച്ചാല്‍ പഴയ സോവിയറ്റ് യൂണിയന് നേതാക്കള്‍ തമ്മിലുള്ള ആലിംഗനവും ചുണ്ടോടു ചുണ്ടുള്ള ചുംബനവും ലോക പ്രസിദ്ധമാണ്.
ബ്രഷ്നേവ്-ഹോനെക്കര് സോഷ്യലിസ്റ്റ് ചുംബനമാണ് അതില്‍ ഏറെ പ്രസിദ്ധം. സോഷ്യലിസ്റ്റ് ഫ്രറ്റേണിറ്റി കിസ് എന്നറിയപ്പെടുന്ന ഇത് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സ്നേഹ പ്രകടനങ്ങളിലൊന്നാണ്. ഡൊണാള്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മിലുള്ള ആലിംഗനങ്ങള്‍ വെറും കെട്ടിപ്പിടുത്തമായിരുന്നില്ല.
കൈകള്‍ വിടാതെ കുലുക്കുന്നതും തോളില്‍ തട്ടുന്നതും കണ്ടാല്‍ ഞാനാണ് വലിയവനെന്ന് കാണിക്കാനുള്ള മസില് പവര്‍ പ്രകടനമാണെന്ന് തോന്നും. ജോ ബൈഡന് പലപ്പോഴും സ്ത്രീകളെയും കുട്ടികളെയും പുറകില്‍ നിന്നു കെട്ടിപ്പിടിക്കുകയും തലയില്‍ മണത്തു നോക്കുകയും ചെയ്യുന്നത് വലിയ വിവാദമായിരുന്നു. ഇതിനെ 'ക്രീപ്പി ജോ' എന്ന് വിളിച്ച് സാമൂഹിക മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു. യൂറോപ്യന്‍ കമ്മിഷന് മുന്‍ പ്രസിഡന്റ് ജീന്‍-കേ്ലാഡ് ജങ്കര്‍ കാണുന്നവരെയെല്ലാം കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുമായിരുന്നു. കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന് ട്രൂഡോ ഒരു ഹോളിവുഡ് സിനിമയിലെ നായകനെപ്പോലെയാണ് കെട്ടിപ്പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗനങ്ങളും പ്രസിദ്ധമാണ്. ലോക നേതാക്കളെ അദ്ദേഹം വട്ടം പിടിക്കുമ്പോള്‍ അത് വിശ്വഗുരുവിന്റെ മൂര്‍ത്ത ആലിംഗനമായി മാറുന്നു. ഇതിനെ മാധ്യമങ്ങള്‍ 'ഹഗ് ഡിപ്ലോമസി' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവിടെ കൊച്ചു കേരളത്തില്‍ ആലിംഗനത്തിലും തോളില്‍ കൈയിടലിലും രാഷ്ട്രീയ നേട്ടമാണ് മുഖ്യം. സുരേഷ് ഗോപി അതിലൊരു ചെറിയ ഇരയാണ്. കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്കും തിരിച്ചും സഞ്ചരിച്ച ചെറിയാന് ഫിലിപ്പിന് ആലിംഗനമെന്നത് ഒരു 'ഘര്‍ വാപ്പസി' പോലെയാണെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതൊരു അനാവശ്യ സ്നേഹമായി വ്യാഖ്യാനിക്കപ്പെട്ടു.
ഇടതുപക്ഷത്ത് ഒരു പുരുഷന് സ്ത്രീയെ കെട്ടിപ്പിടിച്ചാല്‍ അത് വിപ്ലവകരമായ അഭിവാദ്യം. വലതുപക്ഷത്തായാല്‍ അത് സൗഹൃദപരമായ സ്നേഹവും. എന്നാല്‍ സദാചാര പോലീസിന് ഇത് എപ്പോഴും പ്രശ്നമാണ്. ദൂരെ നിന്നു കൈ വീശുകയോ വിരലുകള്‍ കൊണ്ട് വിക്ടറി സൈന്‍ കാണിക്കുകയോ ചെയ്യുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.
ഉണ്ണി വി.ജെ.നായര്‍






