
ആരവങ്ങള്‍ അടങ്ങി. കാര്‍മേഘങ്ങള്‍ പെയ്തു മാറി. ഇനിയാണ് യഥാര്‍ത്ഥ പ്രശ്നങ്ങളെ പുതിയ മുഖ്യമന്ത്രി നേരിടാന്‍ പോകുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വി.ഡി. സതീശന് താന്‍ നേരിടാന്‍ പോകുന്ന ഗുരുതരമായ പ്രശ്നങ്ങളെപ്പറ്റി മറ്റാരേക്കാളും വ്യക്തമായ ബോധ്യമുള്ളയാളാണ്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത അതീവ ഗുരുതരമായ ധനപ്രതിസന്ധിയെയാണ് അദ്ദേഹം അഭിമുഖീകരിക്കാന്‍ പോകുന്നത്. നിത്യനിദാന ചെലവുകള്‍ക്കുപോലും കടം വാങ്ങി മുന്നോട്ടുപോകുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനവും അനാവശ്യമായ ചെലവുകള്‍ വെട്ടികുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനും സഹായകമായ അപ്രിയമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ഇച്ഛാശക്തിയും കൊണ്ടു മാത്രമേ പുതിയ സര്‍ക്കാരിന് നേരെ നിവര്‍ന്നു നില്ക്കാനെങ്കിലും കഴിയൂ.
വലിയ പ്രതീക്ഷകളാണ് സര്‍ക്കാരിനെപ്പറ്റി ജനങ്ങള്‍ക്കുള്ളത്. ഒഴിവാക്കാനാവാത്ത സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കാനും ആരോഗ്യരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ വരുത്താനും വിദ്യാഭ്യാസ മേഖല നവീകരിക്കാനും നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിച്ച് ഐടി, എ.ഐ. മേഖലകളില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും അടക്കം കൃത്യവും സമയബന്ധിതവുമായ ഒരു പ്രവര്‍ത്തന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രാഥമികമായ ചുമതല.
സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ധനകാര്യ വിദഗ്ദ്ധരടങ്ങുന്ന ഒരു ചെറിയ സമിതി പഠിച്ച് ഒരു ധവളപത്രം തയാറാക്കുക എന്നതായിരിക്കണം ആദ്യ തീരുമാനങ്ങളില്‍ ഒന്ന്.
കിഫ്ബിയുടെ പുനസംഘടന അത്യാവശ്യമുള്ള ഒന്നാണ്. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് ആണെങ്കിലും തിരിച്ചടവ് ബാധ്യത ആത്യന്തികമായ ബജറ്ററി ബാധ്യതയായിട്ടാണ് മാറിയിരിക്കുന്നത്. ഉദ്ദേശ്യലക്ഷ്യങ്ങളില്നിന്നും മാറി തിരിച്ചടവിനുള്ള വരുമാനം ഒട്ടും ലഭ്യമല്ലാത്ത പദ്ധതികളിലേക്ക് കിഫ്ബിയുടെ മുന്‍ഗണന മാറിയത് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യത്തിന്റെ പ്രചാരണത്തിനായി തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വഴിവിട്ട് പരസ്യങ്ങള്‍ നല്‍കാനും അതിലേക്കായി 100 കോടിയിലേറെ ചെലവിടാനും കിഫ്ബി തയാറായത് അതീവ ഗുരുതരമാണ്. കിഫ്ബിയുടെ നിലവിലുള്ള സ്ഥിതിവിശേഷവും തിരിച്ചടവ് ബാധ്യതകളും പണം ചെലവഴിച്ചതിലുള്ള ഗുരുതരമായ ക്രമക്കേടുകളും സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം നടത്തണം.
വന്‍തോതില്‍ കുടിയൊഴിപ്പിക്കലിനും പരിസ്ഥിതി ആഘാതത്തിനും താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതകള്‍ക്കും വഴിതെളിയിക്കുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ച് റെയിവേയുമായി സഹകരിച്ച് സമാന്തരമായ അതിവേഗ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കാനും കെ-റെയില്‍ സമരത്തെ തുടര്‍ന്നുള്ള കേസുകള്‍ പിന്‍വലിക്കാനും തീരുമാനം വേണം.
ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച അന്വേഷണങ്ങളിലെ കാലതാമസവും അനാസ്ഥയും പരിഹരിക്കാനും, നാമജപഘോഷ യാത്രയടക്കമുള്ള സമരപരിപാടികളില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള എല്ലാ കേസുകളും പിന്‍വലിക്കാനും സര്‍ക്കാരിന് ചുമതലയുണ്ട്. ആശാ വര്‍ക്കേഴ്സിന്റെ സമരത്തിന് ആധാരമായ കാര്യങ്ങള്‍ പരിഗണിച്ച് ന്യായമായ വേതന വര്‍ധന നടപ്പിലാക്കാനും അവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാനും യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നവകേരള യാത്രവേളയില്‍ പ്രതിഷേധക്കാര്‍ക്ക് എതിരേ അക്രമങ്ങള്‍ അഴിച്ചുവിട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും അടിയന്തര നടപടികള്‍ ഉണ്ടായേ പറ്റൂ.
സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ ഒമ്പതിലും വൈസ് ചാന്സലറില്ലാത്ത ഇല്ലാത്ത അവസ്ഥയാണ്. സര്‍വകലാശാല ഭരണസമിതികളെ സി.പി.എമ്മിന്റെ ഫ്രാക്ഷന് നിയന്ത്രിക്കുന്ന ദയനീയമായ സാഹചര്യം വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത തകര്‍ത്ത് കഴിഞ്ഞു. അത് പുനഃസ്ഥാപിക്കുകയെന്നത് സമഗ്രമായ പരിഗണന അര്‍ഹിക്കുന്നുണ്ട്.
ആരോഗ്യ മേഖലയിലെ നാഥനില്ലാത്ത സ്ഥിതിയും പോരായ്മകളും കുത്തഴിഞ്ഞ അവസ്ഥയും എന്നും മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നു. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളിലൂടെ നമ്മുടെ മെഡിക്കല്‍ കോളജുകളുടെ ദയനീയ സ്ഥിതി പൊതുസമൂഹത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. മരുന്നുകളുടെയും അത്യാവശ്യ ഉപകരണങ്ങളുടെയും ഇല്ലായ്മ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ൈപ്രമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ സുസജ്ജമാക്കണം.
യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റികള്‍ സമയബന്ധിതമായും ഘട്ടംഘട്ടമായും നടപ്പിലാക്കാനുള്ള നടപടികള്‍ക്ക് പ്രാധാന്യം പ്രാമുഖ്യം നല്‍കണം. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മുന്‍ഗണന നല്‍കണം. ഇന്‍ഷുറന്‍സിന്റെ മറവില്‍ ഭാരിച്ച ബില്‍ അടിച്ചേല്‍പ്പിച്ച് ഖജനാവ് കൊള്ളയടിക്കാനുള്ള വന്‍കിട ആശുപത്രികളുടെ നീക്കങ്ങള്‍ നിശ്ചയമായും നിയന്ത്രണ വിധേയമാക്കണം. ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുമായി ചര്‍ച്ച ചെയ്തു വിവിധ ശസ്ത്രക്രിയകളുടെയും ചികിത്സയുടെയും അനുവദനീയമായ ചെലവ് സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയണം.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളോടും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന വ്യത്യസ്ത സമീപനങ്ങള്‍ കേരളത്തിനും മുന്നറിയിപ്പാണ്. പിണറായി വിജയന് സര്‍ക്കാരിനോട് കാണിച്ച സൗഹൃദ മനോഭാവം പോലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് കാണിക്കുകയില്ല. കഴിഞ്ഞ ധനകാര്യ കമ്മീഷന് ശിപാര്‍ശ ചെയ്ത 37000 കോടി രൂപയുടെ റവന്യൂ കമ്മി ഗ്രാന്റ് ഈ തവണത്തെ ശിപാര്‍ശയില്‍ ധനകാര്യ കമ്മീഷന് ഉള്‍പ്പെടുത്തിയിട്ടില്ല. റവന്യൂ കമ്മി വര്‍ധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. ധനകമ്മി ജി.എസ്.ഡി.പിയുടെ 34 ശതമാനവും റവന്യൂ കമ്മി 2.1 ശതമാനം നിലവില്‍ കൊടുത്തു തീര്‍ക്കാനുള്ള കട ബാധ്യത 34 ശതമാനവും ആണ്. തന്മൂലം വികസന പദ്ധതികള്‍ക്ക് വരുമാനത്തിന്റെ ഒരു ശതമാനം മാത്രമാണ് ലഭ്യമാകുന്നത്. 2026-27 ബജറ്റ് രേഖകള്‍ പ്രകാരം സംസ്ഥാനത്തിന്റെ ധനക്കമ്മി 55,000 കോടി രൂപയും റവന്യൂ കമ്മി 35000 കോടി രൂപയും ആണ്. കിഫ്ബിയുടെ തിരിച്ചടവും മസാല ബോണ്ടിന്റെ ബാധ്യതയും വേറെയാണ്. കേന്ദ്ര പദ്ധതികളില്‍ സംസ്ഥാനത്തിന്റെ വിഹിതം വര്‍ധിപ്പിച്ചത് മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതകളും ചെറുതല്ല.
പ്രവാസി വരുമാനത്തിലെ തിരിച്ചടി
കേരളത്തിന്റെ സമ്പദ്ഘടനയെ എന്നും ശക്തിപ്പെടുത്തിയത് പ്രവാസി വരുമാനം ആയിരുന്നു. 2023-24ല്‍ 1.9 ലക്ഷം കോടി രൂപയായിരുന്നു പ്രവാസി വരുമാനം 2024-25ല്‍ 2.16 ലക്ഷം കോടിയായി വര്‍ധിച്ചു. രൂപയുടെ മൂല്യം ഇടിയുന്നത് സാമ്പത്തികരംഗം തകര്‍ക്കുമെങ്കിലും കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തിന്റെ മൂല്യം വര്‍ധിക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന് - ഇസ്രയേല്‍ (യു.എസ്.) യുദ്ധം ഗള്‍ഫ് മേഖലയില്‍ ഉണ്ടാക്കിയ ഗുരുതരമായ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ കേരളത്തെയും വളരെ ദോഷകരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കല്‍, ജോലിയില്‍നിന്നും പിരിച്ചുവിടല്‍, ജോലി സ്ഥിരതയില്ലായ്മ, ഉടനെ ഉണ്ടാകാനിടയുള്ള എണ്ണ വില വര്‍ധന എന്നിവയുടെ ആഘാതം കേരളത്തിന് താങ്ങാവുന്നതിലും അധികമായിരിക്കും.
ചെറുപ്പക്കാരുടെയും വിദ്യാര്‍ഥികളുടെയും ജോലിയും മികച്ച വിദ്യാഭ്യാസവും തേടി വിദേശങ്ങളിലേക്കുള്ള കുത്തൊഴുക്ക് നിലച്ചു കൊണ്ടിരിക്കുകയാണ്. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യുന്നവരും അവിടെ കഴിഞ്ഞു കൂടാന്‍ പോലും കഷ്ടപ്പെടുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് പരിഹരിക്കാന്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാനും ഐടി, എ.ഐ. മേഖലയില്‍ അടക്കം ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുവാനും അടിയന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കണം.
കാര്‍ഷിക മേഖലയുടെ നവീകരണം, നെല്ല് ശേഖരണം കാര്യക്ഷമമാക്കല്‍ എന്നിവയും ശ്രദ്ധിക്കണം. കാലഹരണപ്പെട്ട ഭൂനിയമങ്ങളിലും കെട്ടിട നിര്‍മാണ നിയമങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്താനും വന്യ ജീവി ആക്രമണങ്ങള്‍ നിയന്ത്രിക്കാനും ഉചിതമായ നടപടികള്‍ ഉണ്ടാകണം
വന്‍കിട സംരംഭങ്ങള്‍
ടെക്നോപാര്‍ക്കിലൂടെയും ഇന്‍ഫോ പാര്‍ക്കിലൂടെയും തുടങ്ങിവച്ച ഐടി മേഖലയിലെ കുതിപ്പ് നിശ്ചലമായ സ്ഥിതിയാണ് കാണുന്നത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകള്‍ ഉള്ള സംസ്ഥാനം കേരളമാണ്. വ്യവസായ നിക്ഷേപത്തിന്റെ കാര്യത്തിലും കേരളം ഇന്ന് പിന്നിലാണ്. ജോലിതേടി നമ്മുടെ ചെറുപ്പക്കാര്‍ വിദേശങ്ങളിലേക്ക് പോകേണ്ടിവരുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കണമെങ്കില്‍ വ്യവസായ മേഖലയില്‍ വന്കിടനിക്ഷേപം കേരളത്തില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞേ പറ്റൂ.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ രജതരേഖയായ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളില്‍ 'വഞ്ചി തിരുനക്കര' തന്നെയാണ്. റോഡ് റെയില്‍ കണക്ടിവിറ്റി, സാറ്റലൈറ്റ് നഗരനിര്‍മാണം, വെയര്‍ഹൗസിങ് ഉള്‍പ്പെടെയുള്ള മറ്റ് അടിയന്തര സൗകര്യങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ അനന്തമായ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയൂ.
പ്രതിസന്ധി മറികടക്കാന്‍
സര്‍ക്കാര്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ 100 ദിവസത്തിനുള്ളില്‍ നടപ്പിലാക്കാന്‍ അജന്‍ഡ ഉണ്ടാകണം. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും തയാറാക്കണം. വകുപ്പ് മന്ത്രിമാരെ കൂടാതെ മുഖ്യമന്ത്രി ഈ പദ്ധതികളുടെ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ മോണിറ്റര്‍ ചെയ്യണം. ഫലപ്രഖ്യാപനത്തിനുശേഷം ഉണ്ടായ പ്രതിസന്ധിയും ആശയക്കുഴപ്പങ്ങളും അതിജീവിച്ച് മുന്നോട്ടു പോകാന്‍ പ്രതീക്ഷാനിര്‍ഭരമായ പുതിയ തുടക്കം ഈ സര്‍ക്കാരിന് അനിവാര്യമാണ്.
കെ.സി. ജോസഫ്
(മുന്‍ പ്ലാനിങ് മന്ത്രിയാണ് ലേഖകന്‍.)




