എവിടെയോ ദൂരെയുള്ള ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധത്തിന്റെ കരിനിഴല്‍ വീഴുമ്പോള്‍ അതിന്റെ പൊള്ളലേറ്റു തുടങ്ങുന്നത് സാധാരണക്കാരനായ ഓരോ ഇന്ത്യക്കാരന്റെയും കീശയിലാണ്. ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഈ സമുദ്രപാതയില്‍ ഇറാനും അമേരിക്കയും കൊമ്പുകോര്‍ക്കുമ്പോള്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും വിതരണ ശൃംഖല തടസപ്പെടുന്നതും ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം വെറും യാത്രാചെലവില്‍ ഒതുങ്ങുന്നതല്ല; അത് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വിലയെ നേരിട്ട് ബാധിക്കുന്നു. പാചകവാതകവിലയുടെ അനിയന്ത്രിതമായ വര്‍ധന കാരണം ചെറുകിട ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിനില്ക്കുന്നതും സാധാരണക്കാരന് അടുക്കള ബജറ്റ് വെട്ടിച്ചുരുക്കുന്നതും ഇന്നിന്റെ പരിതാപകരമായ കാഴ്ചയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വരാനിരിക്കുന്ന കടുത്ത ദിനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.
യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പക്ഷം ആഗോള സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച അതീവ ഗുരുതരമായിരിക്കും. യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും നിലവില്‍ ഊര്‍ജ പ്രതിസന്ധിയുടെ മുനമ്പിലാണ് നില്‍ക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കുക എന്നതല്ലാതെ മറ്റൊരു കുറുക്കുവഴിയും നമുക്ക് മുന്നിലില്ല. അനാവശ്യമായ വിദേശയാത്രകള്‍ ഒഴിവാക്കണമെന്നും വിദേശത്തെ ലക്ഷ്വറി വിവാഹങ്ങള്‍ ഉപേക്ഷിക്കണമെന്നുമുള്ള നിര്‍ദേശം വിദേശനാണ്യ ശേഖരം ചോര്‍ന്നുപോകാതിരിക്കാന്‍ അത്യാവശ്യമാണ്. സ്വര്‍ണത്തിന്റെ അമിതമായ ഇറക്കുമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ഒരു വര്‍ഷത്തേക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് മാറ്റിവയ്ക്കാന്‍ തയാറാകണമെന്ന ആഹ്വാനം രാജ്യസ്നേഹപരമായ ഒരു നടപടിയായി കാണേണ്ടതുണ്ട്. കോവിഡ് കാലത്ത് നാം നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം രീതികളും വെര്‍ച്വല്‍ മീറ്റിങ്ങുകളും ഇന്ധന ലാഭത്തിനായി വീണ്ടും സജീവമാക്കേണ്ടതുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിന് പിന്നില്‍ കഴിഞ്ഞ 12 വര്‍ഷത്തെ ബി.ജെ.പി. സര്‍ക്കാരിന്റെ സാമ്പത്തിക പരാജയങ്ങളാണ് നിഴലിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം അവഗണിക്കാനാവില്ല. ഒരു പതിറ്റാണ്ടിലേറെ അധികാരത്തിലിരുന്നിട്ടും എണ്ണ ഇറക്കുമതി കുറയ്ക്കാനോ ഇന്ധന സ്വയംപര്യാപ്തത കൈവരിക്കാനോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഈ 'പിടിച്ചുനില്‍ക്കല്‍' ആഹ്വാനങ്ങള്‍. എന്നിരുന്നാലും, ഇത്തരം പ്രതിസന്ധികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ബാധ്യതയല്ല, മറിച്ച് രാജ്യത്തിന്റെ നിലനില്പിന്റെ പ്രശ്നമാണ്. ഇറക്കുമതി ചെയ്യുന്ന പാചക എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉല്പന്നങ്ങളിലേക്ക് മാറാനുള്ള ആഹ്വാനം വൈകിയ വേളയിലെങ്കിലും പ്രസക്തമാണ്.
ഭാവിയില്‍ ഇത്തരം പ്രതിസന്ധികളില്‍നിന്ന് രക്ഷനേടാന്‍ നാം ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ ഡീസല്‍ പമ്പുകള്‍ പൂര്‍ണമായും ഒഴിവാക്കി സോളാര്‍ പമ്പുകളിലേക്ക് മാറുന്നതും, ഗതാഗതത്തിന് ഇലക്ട്രിക് വാഹനങ്ങളും പൊതുഗതാഗതവും മാത്രം ഉപയോഗിക്കുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നതും അനിവാര്യമാണ്. രാസവളങ്ങളുടെ അമിത ഉപയോഗം കുറച്ച് ശാസ്ത്രീയമായ കൃഷി രീതിയിലേക്കു മാറിയാല്‍ മാത്രമേ വിദേശത്തുനിന്നുള്ള വളം ഇറക്കുമതിയിലൂടെ ഒഴുകിപ്പോകുന്ന കോടികള്‍ നമുക്ക് ലാഭിക്കാനാകൂ. ആഗോള വിപണിയില്‍ ഒരു ടണ്‍ വളത്തിന് ആയിരക്കണക്കിന് രൂപ വിലയുള്ളപ്പോള്‍ കര്‍ഷകര്‍ക്ക് വന്‍ സബ്സിഡി നല്കി സര്‍ക്കാര്‍ ഭാരം ചുമക്കുന്നുണ്ടെങ്കിലും, അതിന്റെ പരോക്ഷ ബാധ്യത ഒടുവില്‍ ജനങ്ങളിലേക്ക് തന്നെയാണ് എത്തുന്നത്.
യുദ്ധം ഒരു തുടര്‍ച്ചയായ പ്രതിഭാസമായി മാറുമ്പോള്‍, ലോകം മറ്റൊരു വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വികസിത രാജ്യങ്ങള്‍ വരെ പകച്ചുനില്‍ക്കുന്ന ഈ വേളയില്‍ 'സ്വദേശി' എന്ന ചിന്താഗതി ഓരോ ഇന്ത്യക്കാരന്റെയും ശീലമായി മാറണം. നാം കഴിക്കുന്ന ഭക്ഷണം മുതല്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍ വരെ ഇന്ത്യയില്‍ നിര്‍മിച്ചതാകട്ടെ എന്ന് ഉറപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധത്തിന് കരുത്തുപകരും. വിദേശനാണ്യ ശേഖരം കാത്തുസൂക്ഷിക്കുന്നത് സൈനികര്‍ അതിര്‍ത്തി കാക്കുന്നതുപോലെ തന്നെ വലിയൊരു സേവനമാണെന്ന് തിരിച്ചറിഞ്ഞ്, ഓരോ പൗരനും മിതവ്യയത്തിന്റെയും കരുതലോടെയുള്ള ഉപഭോഗത്തിന്റെയും പാത സ്വീകരിക്കേണ്ട സന്ദര്‍ഭമാണിത്.






