നട്ടെല്ലില്‍ പിറവികൊണ്ട അര്ബുദരോഗാണുക്കള് കോശങ്ങളാകെ പടര്‍ന്ന പതിനഞ്ചുവര്‍ഷം മുമ്പത്തെ ഒരു രാത്രിയിലാണ് സുകുമാര്‍ അഴീക്കോട് കിടപ്പുമുറിയില്‍ കാലിടറി വീണത്. പിറ്റേന്നു രാവിലെ തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി. ഒരുദിവസം തികച്ചു കിട്ടാന്‍ പാടാണെന്നായിരുന്നു വൈദ്യശാസ്ര്തത്തിന്റെ വിലയിരുത്തലെങ്കിലും അഴീക്കോട് മാഷ് ആശുപത്രിക്കിടക്കയില്‍ പിന്നെയും കിടന്നു 47 ദിവസം. എട്ടുദിവസത്തെ അബോധാവസ്ഥയ്ക്കൊടുവില്‍ മാഷ് വിടപറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്. ജീവിച്ചിരുന്നെങ്കില്‍ മാഷിന് ഇന്ന് നൂറാം പിറന്നാള്‍. 1926 മെയ് 12 നായിരുന്നു സുകുമാര്‍ അഴീക്കോടിന്റെ ജനനം. 2012 ജനുവരി 24 ന് അന്തരിച്ചു.
വേദികളില്‍നിന്നു വേദികളിലേക്കു പടര്‍ന്ന കുറിക്കുകൊളളുന്ന വാക്കിന്റെ അനര്‍ഗള സഞ്ചാരമായിരുന്നു സുകുമാര്‍ അഴീക്കോട്. വിമര്‍ശിക്കപ്പെടേണ്ട ഇടങ്ങളിലെല്ലാം അതു തീക്കാറ്റായി. ചേര്‍ത്തുപിടിക്കേണ്ട ഇടങ്ങളില്‍ സ്വാന്തന ഭാവമാര്‍ന്ന ഇളംകാറ്റായി. പരിഹസിക്കപ്പെടേണ്ട ജീവിത പരിസരങ്ങളില്‍ ട്രോളുകളായി ചിരിപടര്‍ത്തി. പതിനഞ്ചുവര്‍ഷം മുമ്പ് നിലച്ച ആ ശബ്ദത്തിനു പകരം മറ്റൊന്ന് പിറവി കൊണ്ടതുമില്ല. വിമര്‍ശകരില്ലാതെ സ്തുതി പാഠകര്‍ മാത്രം നിറയുന്ന രാഷ്ട്രീയ-സാമൂഹിക പരിസരം ഇന്നേറെ ആഗ്രഹിക്കുന്നതും മറ്റൊരു സുകുമാര്‍ അഴീക്കോടിനെയാണ്.
അഴീക്കോടിന്റെ വാഗ്ധോരണിക്കുവേണ്ടിയാണ് പ്രസംഗവേദികള്ക്കു മുന്നില്‍ ആയിരങ്ങള്‍ അന്നു കാതോര്‍ത്തിരുന്നത്. ചിരിയും ചിന്തയും സാംസ്കാരിക കാവ്യലോകവും ആംഗലേയ സാഹിത്യവുമെല്ലാം ആ പ്രസംഗങ്ങളില്‍ നിറഞ്ഞു. വിഷയത്തില്‍ ആഴത്തിലുള്ള അറിവാണ് അഴീക്കോടിന്റെ പ്രഭാഷണങ്ങളുടെ കാതല്‍. വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാകുന്ന സൈബര്‍ യുഗത്തില്‍ അഭിനവ പ്രഭാഷകരുടെ, തത്വചിന്തകരുടെ വാക്കുകളിലേറേയും പൊള്ളയായി, ദിവസങ്ങളുടെ ആയുസില്‍ പൊട്ടിത്തകരുമ്പോഴാണ് കാലങ്ങളെ അതിജീവിച്ച അഴീക്കോടിന്റെ പ്രഭാഷണങ്ങളുടെ പ്രസക്തി. കാലം മായ്ക്കാത്ത എഴുത്തുകളില്‍ കോര്‍ത്ത അക്ഷരങ്ങളുടെ കരുത്ത്... അനുഭവതീക്ഷ്ണതയില്‍ പടര്‍ന്ന അഗ്നിയില്‍ സ്ഫുടം ചെയെ്തടുത്ത വാക്കുകളുടെ മൂര്‍ച്ച... പിന്നിട്ട പതിനഞ്ചു വര്‍ഷം രാഷ്ട്രീയകേരളത്തിന്റെ പ്രധാന നഷ്ടവും ഇത്തരമൊരു വിമര്ശകനില്ലാതെ പോയതുതന്നെ.
എല്ലാവരും കേള്‍ക്കാനാഗ്രഹിച്ച വാക്കുകളുടെ ആഘോഷമായിരുന്നു അഴീക്കോടെങ്കില്, എല്ലാവരെയും കേള്‍ക്കാന്‍ സമയം കണ്ടെത്തിയ മനസുമായിരുന്നു അഴീക്കോട്. കവി അയ്യപ്പന്റെ അപ്രതീക്ഷിത വിയോഗ നൊമ്പരത്താല്‍ കാവ്യലോകം വിതുമ്പവേ സംസ്കാരച്ചടങ്ങുകള്‍ നീട്ടിവയ്ക്കാനും നീക്കമുണ്ടായിരുന്നു. സുഹൃത്തെന്നു നടിച്ചവരില്‍ ചിലര്‍ക്ക് എത്തിപ്പെടാനുള്ള കാലതാമസമായിരുന്നു കാരണം. എന്നാല്‍ അയ്യപ്പന്റെ ജീവിതമറിയാവുന്ന മറ്റു സുഹൃത്തുക്കള്‍ ഇതിനായി കണ്ടെത്തിയത് അഴിക്കോടിനെ. ബാലചന്ദ്രന് ചുള്ളിക്കാടാണ് അഴീക്കോടിനടുത്ത് കാര്യം അവതരിപ്പിച്ചത്. മാഷ് പൊടുന്നനെ തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. മരണമടഞ്ഞാല്പ്പിന്നെ ദേഹം എത്രയുംവേഗം മണ്ണിനോ അഗ്നിക്കോ വിട്ടുകൊടുക്കാനാണു തീരുമാനമുണ്ടാകേണ്ടതെന്ന് അഴീക്കോട് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എത്രയും വേഗത്തില്‍ത്തന്നെ അയ്യപ്പന്റെ സംസ്കാരം നടത്താനും ഇടപെടല്‍ നടത്തി. അയ്യപ്പനുമായി അത്രമേല്‍ അടുപ്പമേറിയ സൗഹൃദമൊന്നും അഴീക്കോടിനില്ലായിരുന്നെങ്കിലും സാഹിത്യലോകം പതിച്ചു നല്കിയ കാരണവസ്ഥാനത്തിരുന്നാണ് അദ്ദേഹമന്ന് വിഷയത്തില്‍ ഇടപ്പെട്ടതും പരിഹാരമുണ്ടാക്കിയതും. സൗഹൃദ നന്മ അത്രമേല്‍ ഹൃദയത്തില്‍ സൂക്ഷിച്ച വ്യക്തിയായിരുന്നു അഴീക്കോട്.
അടുത്തറിഞ്ഞവര്ക്കത്രയും മനസിന്റെ വാതില്‍ തുറന്നിട്ട് അഴീക്കോട് സൗഹൃദനിമിഷങ്ങളില്‍ ധാരാളിയായി. അനിഷ്ടത്തിന്റെ ചെറുകറയൊന്നു തുളുമ്പിയാല്‍ മായാത്ത ശത്രുതാഭാവമായും നിലകൊണ്ടു. സാഹിത്യകുലപതി ടി. പത്മനാഭനും വെളളാപ്പള്ളി നടേശനുമടക്കമുളളവരുമായി കോര്‍ത്ത കൊമ്പ് അവസാനകാലംവരെ വേര്പ്പെടുത്തിയതുമില്ല. താരസംഘടനയുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കത്തില്‍ ഇടപെട്ട അഴീക്കോട്, മോഹന്‍ലാലിനെതിരേയും തിരിഞ്ഞു. അതുപിന്നെ വഴക്കും വക്കാണവും കോടതി വ്യവഹാരവും വരെയെത്തി.
മോഹന്‍ലാലിനെതിരേ നല്കിയ കേസ് പരിഗണിക്കവേ അഴീക്കോടിനൊപ്പം തൃശൂര്‍ മുന്‍സിഫ് കോടതിയിലെത്തി മടങ്ങവേയുണ്ടായ അനുഭവം കവി വിജേഷ് എടക്കുന്നി ഓര്‍ക്കുന്നുണ്ട്. കേസ് ഉച്ചയ്ക്കുശേഷം വിളിക്കാനായി മാറ്റിവെച്ചതോടെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചായി ചിന്ത. ഏറെ അകലെയല്ലാതെ കഴിയുന്ന, കേരളവര്‍മ കോളജിലെ റിട്ട. പ്ര?ഫസര്‍ പ്രേമലതയെ വിളിച്ച് വിജേഷ് കാര്യം പറഞ്ഞു. അഴീക്കോട് മാഷിന്റെ പഴയകാല ശിക്ഷ്യകൂടിയാണു പ്രേമലത. മാഷ് വരുന്നെന്നറിഞ്ഞതോടെ ശിഷ്യയ്ക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. തുടര്‍ന്ന് മികച്ച പാചകക്കാരി കൂടിയായ പ്രേമലതയുടെ തീന്മേശയില് ഒരുങ്ങിയത് രുചികരമായ വിഭവങ്ങള്‍. ആസ്വദിച്ചു കഴിച്ച അഴീക്കോട് ഓരോ വിഭവത്തിന്റെയും രുചിപ്പെരുമ ഇഴകീറി പ്രകീര്‍ത്തിച്ചും കലാലയകാലത്തെ സൗഹൃദം ഓര്‍ത്തെടുത്തുമാണ് പ്രമലതയുടെ വീട്ടില്‍ നിന്നിറങ്ങിയത്.
മെല്ലിച്ച ശരീരമായിരുന്നെങ്കിലും രുചിവൈവിദ്ധ്യം തേടിയ ഭക്ഷണ പ്രിയന് കൂടിയായിരുന്നു അഴീക്കോട്. പ്രഭാത ഭക്ഷണ സമയത്ത് വീട്ടിലെത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടവിഭവമായ ചിരട്ടപ്പുട്ട് സന്തോഷത്തോടെ വിളമ്പുന്ന ഗൃഹനാഥന്. ഇഷ്ടഭക്ഷണം പോലും കഴിക്കാനാവാതെ വേദനതിന്ന് മരുന്നുമണമുളള ആശുപത്രികിടക്കയില്‍ കഴിയവേ, അഴീക്കോടിന് ഇഷ്ടമേറെയുളള സാഹിത്യലോകത്തിന്റെ കിളിവാതില്‍ തുറന്നുവച്ചാണ് സുഹൃത്തുക്കള്‍ ആനന്ദമേകിയത്.
ആശുപത്രിമുറി സാഹിത്യവിമര്‍ശനത്തിന്റേയും സംവാദത്തിന്റെയും അകത്തളമായി. മരണനിമിഷം ആദ്യമറിയിക്കാനായാണെങ്കിലും പുറത്തു കൂട്ടംകൂടി നിന്ന മാധ്യമപ്പട ഇവയെ്ക്കല്ലാം സാക്ഷിയായി. പ്രഭാഷണങ്ങളിലും വിമര്‍ശനങ്ങളിലും ഇഴപിരിയാത്ത സാന്നിധ്യമായിരുന്ന കാമറക്കണ്ണുകള്‍ ഇമചിമ്മാതെ നിന്നതോടെ അഴീക്കോടിന് ആശുപത്രിക്കിടക്കയും മനം നിറഞ്ഞതായി.
ശരങ്ങളില്ലാത്ത ശയ്യയില്‍ മലയാള സാഹിത്യത്തറവാട്ടിലെ ഭീഷ്മ പിതാമഹനെപ്പോലെ അഴീക്കോട് കിടന്ന് കണ്ണടയുംമുമ്പേ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സമ്പൂര്‍ണ കൃതിയും പുറത്തിറക്കി. പതിനഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ പക്ഷേ, പുസ്തകവിപണിയില്‍ അഴീക്കോടിന്റെ കൃതികള്‍ കിട്ടാതാകുന്നു. പ്രസാധകനും ബന്ധുവുമടങ്ങിയ ട്രസ്റ്റിലെ റോയല്‍റ്റി തര്‍ക്കമാണേ്രത പ്രസിദ്ധീകരണത്തിനു തടസമായത്. ഇതോടെ അഴീക്കോടിനെ പരിചയപ്പെടാനും അടുത്തറിയാനുമുളള പുതുതലമുറയുടെ അവസരമാണ് നഷ്ടമായത്. അവരിലൂടെ കാലത്തെ അതിജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതിലൂടെ പിടയുന്നത്, വിമര്ശനത്തീക്കാറ്റായി പടര്‍ന്ന അഴീക്കോടിന്റെ അക്ഷരവും വാക്കുകളുമാണ്.
അഴീക്കോട് മരിച്ചതില്‍പ്പിന്നെ വന്ന മഹാപ്രളയം, അനാഥമായ വീടിന്റെ അകത്തളങ്ങളില്‍ കുത്തിയൊലിച്ചെത്തി. അഴീക്കോട് നിധിപോലെ സൂക്ഷിച്ച പുസ്തകശേഖരങ്ങളില്‍ പലതും പ്രളയം വിഴുങ്ങി. അതിനുശേഷം അഴീക്കോടിന്റെ വീട് സ്മാരകമായി ഏറ്റെടുത്ത സര്‍ക്കാര്‍ ശേഷിച്ച പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്ത് സൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ഇടപെടലുകള്‍ അതില്‍ മാത്രമായൊതുങ്ങിയതോടെ സ്മാരകവീട് ആരോരും തിരിഞ്ഞ് നോക്കാത്തൊരിടമായി. പതിനഞ്ചു വര്‍ഷത്തിനിടെ സ്മാരകം സന്ദര്‍ശിച്ചവരുടെ എണ്ണമായി സന്ദര്‍ശക രജിസ്റ്ററില്‍ സാക്ഷ്യപ്പെടുത്തിയത് മുന്നൂറോളം പേരുകള്‍ മാത്രം!
അധികാരമേറുന്ന പുതുസര്ക്കാരിലാണ് ഇനി അമൂല്യ പുസ്തക ശേഖരമടങ്ങിയ അഴീക്കോട് സ്മാരകത്തിന്റെ പ്രതീക്ഷ. അഴീക്കോട് ഇന്നു ജീവിച്ചിരുന്നെങ്കില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാകാതെ കുഴങ്ങുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുനേരേ, ഉന്നയിച്ചേക്കാവുന്ന വിമര്‍ശനം ഊഹിക്കാവുന്നതേയുള്ളൂ.
ആധുനിക കാലത്തെ ഏതൊരു ട്രോളിനെക്കാളും ശക്തമായിരുന്നു നര്‍മത്തില്‍ ചാലിച്ച അഴീക്കോടിന്റെ ചെറുവാക്ക്. സ്ഥാനമാനങ്ങള്‍ക്കായി ഭരണകൂട വിമര്‍ശനത്തെ നേര്പ്പിച്ചെടുക്കാനൊന്നും അഴീക്കോട് ഒരിക്കലും തയ്യാറായിരുന്നില്ല. നിശിത രാഷ്ട്രീയവിമര്ശകനായ അഴീക്കോടും ഒരുതവണ മത്സര രംഗത്തിറങ്ങിയിരുന്നു. 1962 ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്കായിരുന്നു മത്സരം. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സാഹിത്യകാരന് എസ്.കെ. പൊറ്റക്കാടിനോടു പരാജയപ്പെടാനായിരുന്നു രാഷ്ട്രീയവിധി.
ജിനേഷ് പൂനത്ത്






