
ആലപ്പുഴ: കായംകുളം കേന്ദ്രീകരിച്ച് വക്കീല്‍ ഓഫീസും രാഷ്ട്രീയ പ്രവര്‍ത്തനവും മുന്നോട്ട് കൊണ്ടുപോകാനുള്ള യു. പ്രതിഭയുടെ മോഹത്തിന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിലക്ക്. കായംകുളം ഏരിയ കമ്മിറ്റിയില്‍ തുടരാനുള്ള പ്രതിഭയുടെ ആവശ്യം നിരസിച്ച നേതൃത്വം, സ്വന്തം നാടായ തകഴിയിലേക്ക് പ്രവര്‍ത്തന മേഖല മാറ്റാന്‍ കര്‍ശന നിര്‍ദ്ദേശം നല്കി.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതിഭ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ജില്ലാ സെക്രട്ടറി ആര്. നാസര്‍ നേരത്തെ അവരെ ശാസിച്ചിരുന്നു. കായംകുളത്ത് പ്രതിഭയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നിലനിന്നിരുന്ന ചേരിതിരിവ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വിഭാഗീയത അവസാനിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
മുന്‍പ് കോടിയേരി ബാലകൃഷ്ണന്റെ പ്രത്യേക ഇടപെടലിലൂടെയാണ് തകഴിയില്‍ നിന്ന് പ്രതിഭയെ കായംകുളം ഏരിയ കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നത്. നിലവില്‍ എം.എല്‍.എ അല്ലാത്ത സാഹചര്യത്തില്‍, താമസസ്ഥലമായ തകഴിയില്‍ തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് പാര്‍ട്ടി. തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന യു. പ്രതിഭ എം.എല്‍.എ ആയതോടെയാണ് പ്രവര്‍ത്തനകേന്ദ്രം കായംകുളത്തേക്ക് മാറ്റിയിരുന്നത്.
തോല്‍വിക്ക് ശേഷവും അവിടെത്തന്നെ തുടരാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, കായംകുളത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ പരിഗണിച്ച് നേതൃത്വം അത് അനുവദിച്ചില്ല. 'എം.എല്‍.എ സ്ഥാനമില്ലാത്ത സാഹചര്യത്തില്‍ സ്വന്തം നാടായ തകഴിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍ മതി' എന്ന നിലപാടില്‍ ആലപ്പുഴ ജില്ലാ നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്.






