
ദിസ്പൂര്‍: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബിശ്വശര്‍മ്മ അധികാരമേല്‍ക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11:40-ന് ഖാനാപാറയിലെ വെറ്ററിനറി ഫീല്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലക്ഷ്മണ് പ്രസാദ് ആചാര്യ, ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കും മറ്റ് നാല് നിയമസഭാംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
അസമില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പദവിയിലെത്തുന്ന കോണ്‍ഗ്രസ് ഇതര കക്ഷിയുടെ ആദ്യ നേതാവാണ് 57-കാരനായ ശര്‍മ്മ. ശര്‍മ്മയോടൊപ്പം അജന്ത നിയോഗ്, രാമേശ്വര്‍ തെലി, അതുല്‍ ബോറ, ചരണ്‍ ബോറോ എന്നിവരും സത്യപ്രതിജ്ഞ നടത്തി അധികാരമേറ്റു. നിയോഗ്, അതുല്‍ ബോറ, ചരണ്‍ ബോറോ എന്നിവര്‍ ശര്‍മ്മയുടെ ആദ്യ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന രാമേശ്വര്‍ തെലി ഇത്തവണ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതാണ്.
സംസ്ഥാനത്തെ മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരാണിത്. നിലവില്‍ കേന്ദ്രമന്ത്രിയായ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ 2016-ലാണ് സഖ്യം ആദ്യമായി അധികാരത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അസമില്‍ ബിജെപിയുടെ സ്വാധീനം കൂടിയിരിക്കുകയാണ്.






