
ഹൃദയഭേദകമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഈറനണിയിക്കുന്നത്. വര്‍ഷങ്ങളായി തന്നെ പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളെ അവസാനമായി കാണണമെന്ന അതിയായ ആഗ്രഹം സഫലമായതിന് പിന്നാലെ 18-കാരനായ യുഎസ് പൗരന് കെവിന് ഗോണ്‍സാലസ് മരണത്തിന് കീഴടങ്ങി. ഷിക്കാഗോയില്‍ വെച്ച് നാലാം ഘട്ട വന്‍കുടല്‍ കാന്‍സര്‍ സ്ഥിരീകരിച്ച കെവിന് മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മെക്സിക്കോയിലുള്ള തന്റെ മാതാപിതാക്കളെ വീണ്ടും കണ്ടത്. ശനിയാഴ്ച വൈകിട്ട് മാതാപിതാക്കളുമായി ഒത്തുചേര്‍ന്ന കെവിന് തൊട്ടടുത്ത ദിവസം ഉച്ചയോടെ യാത്രയാവുകയായിരുന്നു.
മെക്സിക്കന്‍ പൗരന്മാരായ കെവിന്റെ മാതാപിതാക്കളെ മുന്‍പ് നിയമവിരുദ്ധമായി താമസിപ്പിച്ചു എന്ന കാരണത്താല്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയിരുന്നു. മകന്റെ രോഗവിവരം അറിഞ്ഞ് അവനെ കാണാന്‍ ഇവര്‍ വിസയ്ക്കായി അപേക്ഷിച്ചെങ്കിലും യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അത് നിരസിച്ചു. ഇതോടെ മകനെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇസിഡോറോ ഗോണ്‍സാലസിനെയും നോര്‍മ അനബെല്ലിനെയും അധികൃതര്‍ തടങ്കലിലാക്കി.
തടങ്കലില്‍ തങ്ങളെ കുറ്റവാളികളെപ്പോലെയാണ് അധികൃതര്‍ കൈകാര്യം ചെയ്തതെന്ന് കെവിന്റെ പിതാവ് വേദനയോടെ ഓര്‍ക്കുന്നു. കൈകാലുകളില്‍ ചങ്ങലയിട്ടാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലും നിയമപോരാട്ടങ്ങളും വിജയിച്ചതോടെ, കഴിഞ്ഞ വ്യാഴാഴ്ച യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. മാതാപിതാക്കളെ കാത്ത് ഒരാഴ്ച മുന്‍പേ കെവിന് മെക്സിക്കോയിലെ ഡുറാന്‍ഗോയില്‍ എത്തിയിരുന്നു.
മനുഷ്യത്വമില്ലാത്ത കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഈ സംഭവത്തോടെ അമേരിക്കയില്‍ ഉയരുന്നത്. മാരകമായ രോഗം ബാധിച്ച ഒരു മകനെ കാണാന്‍ മാതാപിതാക്കള്‍ക്ക് വിസ നിഷേധിച്ചത് ക്രൂരമാണെന്ന് ജനപ്രതിനിധി ഡെലിയ റാമിറെസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. ഇത്തരം തടങ്കലുകള്‍ കുടുംബങ്ങളെ തകര്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാട് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.






