
ഹൈദരാബാദ്: ജയിലിൽ പോകാൻ ഭയമാണോ? പേടിക്കേണ്ടെന്നേ, ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിൽ ഇനിമുതൽ താമസിക്കാം, ജയിൽ ജീവിതമെന്തെന്ന് നേരിട്ട് അറിയാം. “ഫീൽ ദ ജയിൽ” പദ്ധതിയിലേക്ക് ചഞ്ചൽഗുഡ ജയിലും അണിചേരുന്നു.
ജയിൽ ടൂറിസം ആഗ്രഹിക്കുന്നവർ ഹൈദരാബാദ് ജയിലിനുള്ളിൽ ഒരു ദിവസം കഴിയാൻ 2,000 രൂപയാണ് നൽകേണ്ടത്. ജയിലിൽ ഒരു ദിവസം മുഴുവൻ കഴിയാൻ സമയവും മനസ്സും ഇല്ലെങ്കിൽ 12 മണിക്കൂർ പാക്കേജ് ഉപയോഗിക്കാം. ഇതിന് 1,000 രൂപ നൽകിയാൽ മതിയാവും. ഒരു ജയിൽപ്പുള്ളിക്ക് നൽകുന്ന അതേ ഭക്ഷണവും അതേ ജീവിതരീതിയുമാണ് ഇവിടെ ലഭിക്കുക.
ടൂറിസ്റ്റ് ജയിൽപ്പുള്ളികൾക്ക് കട്ടിൽ, പുതപ്പ്, പ്ലേറ്റ്, ഗ്ലാസ്, വെള്ളം വെക്കുന്ന പാത്രം എന്നിവയടങ്ങുന്ന ലളിതമായ മുറികളായിരിക്കും ലഭിക്കുക.പുരുഷന്മാർക്കായി രണ്ട് സെല്ലുകളും സ്ത്രീകൾക്കായി ഒരു സെല്ലും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഭീകരവാദികളെയും മറ്റും താമസിപ്പിക്കുന്ന ഹൈ-സെക്യൂരിറ്റി ബാരക്കുകളുടെ മാതൃകയിലുള്ള മുറികളും ഇതിലുൾപ്പെടും.
പദ്ധതിക്കൊപ്പം തന്നെ ഒരു ജയിൽ മ്യൂസിയവും അധികൃതർ തുറന്നു നൽകി. നിസാം കാലഘട്ടം മുതൽ ഇന്നുവരെയുള്ള ജയിൽ സംവിധാനത്തിന്റെ മാറ്റങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.പഴയകാലത്തെ ചങ്ങലകൾ, പ്രശസ്തരായ തടവുകാരുടെ ചരിത്രരേഖകൾ എന്നിവ ഇവിടെ കാണാം. നാഗാർജുനസാഗർ അണക്കെട്ടിന്റെ നിർമ്മാണത്തിൽ തടവുകാർ നൽകിയ സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങളും മ്യൂസിയത്തിലുണ്ട്.
കുറ്റവാളികളെ ശിക്ഷിക്കുന്നതിനേക്കാൾ ഉപരിയായി അവരെ പരിഷ്കരിക്കാനും സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമുള്ള ഇടമായി ജയിലുകൾ മാറണം എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിയമത്തോടുള്ള ആദരവും സ്വാതന്ത്ര്യത്തിന്റെ വിലയും യുവതലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.
സംഗറെഡ്ഢി പൈതൃക ജയിലിലെ സമാനമായ പദ്ധതിയുടെ വിജയം മുൻനിർത്തിയാണ് ചഞ്ചൽഗുഡയിലും ഇത് നടപ്പിലാക്കുന്നത്. ഇതോടെ ഇത്തരം അനുഭവം നൽകുന്ന ഇന്ത്യയിലെ അഞ്ചാമത്തെ ജയിലായി ചഞ്ചൽഗുഡ മാറി.






