
ഗുജറാത്തിലെ ഗിര്‍ വനത്തില്‍ വന്യതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി വിനോദസഞ്ചാരികള്‍. സഫാരിക്കിടെ ഒരു പശുവിനെ സിംഹങ്ങള്‍ വേട്ടയാടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. സഫാരി വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് വെച്ചാണ് സിംഹങ്ങള്‍ ഇരയെ കീഴടക്കിയത്. മനുഷ്യരുടെ സാന്നിധ്യം ഒട്ടും വകവെക്കാതെയായിരുന്നു സിംഹങ്ങളുടെ ഈ വേട്ടയാടല്‍.
വീഡിയോയില്‍ ഒരു പശുവിനെ സിംഹം ഓടിച്ചിട്ട് പിടിക്കുന്നതും പിന്നീട് മറ്റൊരു സിംഹം കൂടി ചേര്‍ന്ന് ഇരയെ പൂര്‍ണ്ണമായും കീഴടക്കുന്നതുമാണ് വീഡിയോയിലുള്ളത്. സഫാരി വാഹനത്തിലിരുന്ന വിനോദസഞ്ചാരികള്‍ അവിശ്വസനീയതയോടെയും ഞെട്ടലോടെയുമാണ് ഈ ദൃശ്യങ്ങള്‍ കണ്ടുനിന്നത്. സാധാരണയായി സഫാരി വാഹനങ്ങളെ കാണുമ്പോള്‍ സിംഹങ്ങള്‍ കാണിക്കാറുള്ള സ്വാഭാവികമായ പ്രതികരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അവ ഇരയെ പിടിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു.
എന്നാല്‍ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള സംശയങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി മനഃപൂര്‍വ്വം പശുവിനെ കാട്ടിലേക്ക് തുറന്നുവിട്ട് വേട്ടയാടല്‍ ഒരുക്കിയതാണോ എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളുള്ള ഗിര്‍ വനത്തിനുള്ളില്‍ എങ്ങനെയാണ് ഒരു പശു എത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. കൂടാതെ, വന്യതയുടെ ഇത്തരം ക്രൂരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Watch | Viral Video Shows Lioness Hunting in Front of Tourists in Gujarat’s Gir Forest pic.twitter.com/igQWGoL9Ap
— DeshGujarat (@DeshGujarat) May 12, 2026






