
ബീഹാറിലെ പട്നയില്‍ നിന്നുള്ള വിചിത്രമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. പട്നയിലെ ദാനാപ്പൂരിലുള്ള പഴയ എസ്ബിഐ എടിഎം കൗണ്ടറാണ് ഇപ്പോള്‍ ഒരു ഹെയര്‍ സലൂണായി മാറിയിരിക്കുന്നത്. പുറമെ നിന്ന് നോക്കിയാല്‍ പഴയതുപോലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡും എടിഎം ബോക്സുമെല്ലാം കാണാമെങ്കിലും, ഉള്ളില്‍ കയറിയാല്‍ പണം ലഭിക്കുന്നതിന് പകരം ബാര്‍ബര്‍മാര്‍ മുടി വെട്ടുന്നത് കണ്ട് ഉപഭോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരക്കുകയാണ്.
നേരത്തെ എസ്ബിഐയുടെ ക്യാഷ് കിയോസ്കായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥലം പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്നാണ് മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയത്. പുതിയ വാടകക്കാരന് ഇതൊരു സലൂണാക്കി മാറ്റിയെങ്കിലും, പുറത്തെ എടിഎം ബോര്‍ഡുകളോ ബാങ്കിന്റെ അടയാളങ്ങളോ മാറ്റാന്‍ തയ്യാറായില്ല. ഇതാണ് ദൂരൂഹതയ്ക്കും ഒപ്പം കൗതുകത്തിനും കാരണമായത്. പെട്ടെന്ന് പണം പിന്‍വലിക്കാന്‍ കയറുന്നവര്‍ കത്രികയും കണ്ണാടിയുമായി നില്ക്കുന്ന ബാര്‍ബര്‍മാരെ കണ്ട് ഞെട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇവിടുത്തെ പ്രധാന ചര്‍ച്ചാവിഷയം.
ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. 'പണം എടുക്കാന്‍ ഓടിക്കയറുമ്പോള്‍ മുടി എങ്ങനെ വെട്ടണം എന്ന് ചോദിക്കുന്നത് ആലോചിച്ചു നോക്കൂ' എന്നാണ് ഒരാളുടെ കമന്റ്. 'ഇന്ത്യ തുടക്കക്കാര്‍ക്കുള്ളതല്ല' എന്നും 'പട്നയുടെ ശൈലി തന്നെ വേറെയാണ്' എന്നും തുടങ്ങി പരിഹാസവും ആശ്ചര്യവും കലര്‍ന്ന പ്രതികരണങ്ങള്‍ വീഡിയോയ്ക്ക് താഴെ നിറയുകയാണ്. ബാങ്ക് അവധിയാണെങ്കിലും ഈ സലൂണ്‍ കൃത്യസമയത്ത് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്ന് ബാങ്കിന്റെ പ്രവര്‍ത്തനത്തെ കളിയാക്കിയും ചിലര്‍ കുറിച്ചിട്ടുണ്ട്.
In Patna’s Danapur, a closed SBI ATM has been turned into a hair salon. The bank rented out the space, but kept all the ATM signage outside leaving customers shocked to find barbers cutting hair inside! pic.twitter.com/d4CdbpKwME
— Ghar Ke Kalesh (@gharkekalesh) May 11, 2026






