
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ 'ക്ലോസ് ഫ്രണ്ട്സ് സ്റ്റാറ്റസ് ലിസ്റ്റ്' ഫീച്ചറുമായി വാട്സ്ആപ്പ്. തങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു പ്രത്യേക ഗ്രൂപ്പിന് മാത്രമായി സ്റ്റാറ്റസ് അപ്ഡേറ്റുകള് പങ്കിടാന്‍ സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം. നിലവില്‍ ചില ആന്‍ഡ്രോയിഡ്, ഐഫോണ്‍ ബീറ്റാ ടെസ്റ്റര്‍മാര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുള്ളത്.
പുതിയ അപ്ഡേറ്റ് പ്രകാരം ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് സ്ക്രീനില്‍ നിന്ന് തന്നെ എളുപ്പത്തില്‍ ഒരു 'ക്ലോസ് ഫ്രണ്ട്സ്' ലിസ്റ്റ് സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഇതിനായി ഓരോ തവണ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴും െ്രെപവസി സെറ്റിങ്സില്‍ പോയി മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. ലിസ്റ്റിലുള്ള പ്രിയപ്പെട്ടവര്‍ക്ക് മാത്രമേ ഈ അപ്ഡേറ്റുകള് കാണാന്‍ കഴിയൂ.
പൂര്‍ണ്ണമായ സ്വകാര്യത ഉറപ്പാക്കുന്ന രീതിയിലാണ് വാട്സ്ആപ്പ് ഇത് ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ ലിസ്റ്റിലേക്ക് പുതിയൊരാളെ കൂട്ടിച്ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ ആ വിവരം വാട്സ്ആപ്പ് മറ്റ് ഉപയോക്താക്കളെ അറിയിക്കില്ല. ഇന്‍സ്റ്റാഗ്രാമിന് സമാനമായ ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവരിലേക്കും എത്തും.






