
വിവാഹച്ചടങ്ങുകളിലെ രസകരമായ പല സംഭവങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു ഹിന്ദു വിവാഹച്ചടങ്ങിനിടെ ഹോമം നടത്താന്‍ വിറകില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് രക്ഷകരായിയെത്തിയ വാര്‍ത്തയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. സുപ്രിയ മട്ടപ്പള്ളി എന്ന യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയെ അതിവേഗ ഡെലിവറിയിലൂടെ മറികടന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
'എമര്‍ജന്‍സി വെഡ്ഡിങ് ഡെലിവറി' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയില്‍, ഒരു യുവതി വേഗത്തില്‍ ഓടിച്ചെന്ന് ഡെലിവറി ബോയിയില്‍ നിന്ന് വിറക് വാങ്ങുന്നതും അത് പൂജാരിക്ക് എത്തിച്ചു നല്‍കുന്നതും കാണാം. വെറും 10 മിനിറ്റിനുള്ളിലാണ് വിവാഹ മണ്ഡപത്തിലേക്ക് ആവശ്യമായ വിറക് എത്തിയത്. 'വിവാഹം 10 മിനിറ്റ് ഡെലിവറിയെ ആശ്രയിച്ചിരിക്കുന്നു' എന്ന രസകരമായ ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, 'ഇനി വേറെന്തെങ്കിലും വേണോ? ഇപ്പോള്‍ തന്നെ എത്തിച്ചുതരാം' എന്ന മറുപടിയുമായി എത്തിയതും കൗതുകമായി.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. 'ഇതാണ് യഥാര്‍ത്ഥ ഇന്ത്യന്‍ ജുഗാഡ്' എന്നും, ഹോമത്തിനുള്ള സാധനങ്ങള്‍ വരെ മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടിലെത്തുന്നത് ഇന്ത്യയില്‍ മാത്രമായിരിക്കും എന്നും ആളുകള്‍ കമന്റ് ചെയ്യുന്നു. ഇത്തരം അത്യാവശ്യ ഘട്ടങ്ങളില്‍ ക്വിക്ക് കൊമേഴ്സ് സേവനങ്ങള്‍ എത്രത്തോളം സഹായകരമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. മിക്കവരും സ്വിഗ്ഗിയുടെ ഈ വേഗത്തിലുള്ള സേവനത്തെയും വീട്ടുകാരുടെ ബുദ്ധിപരമായ നീക്കത്തെയും അഭിനന്ദിച്ചുകൊണ്ടാണ് രംഗത്തെത്തുന്നത്.






