
മലയാളസിനിമാപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ദൃശ്യം 3. ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിനു ശേഷം പ്രേക്ഷകര്‍ അടിവരയിട്ടു പറഞ്ഞത് മലയാളത്തിലെ ആക്ഷന്‍ ത്രില്ലറുകള്‍ക്ക് ഒരു ബെഞ്ച് മാര്‍ക്കാണ് ദൃശ്യം എന്ന സിനിമ എന്നാണ്. അതുകൊണ്ടു തന്നെ രണ്ടാം ഭാഗം കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തിയിട്ടു കൂടി സൂപ്പര്‍ഹിറ്റിന്റെ പട്ടികയില്‍ ഇടം പിടിച്ചു. അന്നുമുതല്‍ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മോഹന്‍ലാലിന്റെ ജന്മദിനത്തില് ദൃശ്യം 3 എത്തുമെന്നത് അറിഞ്ഞതു മുതല്‍ ആരാധകരുടെ ആവേശവും ആഘോഷവും കൂടിയിട്ടുണ്ട്. സിനിമയുടെ പ്രീ പ്രൊമോഷന് തിരക്കിലാണ് ജീത്തു ജോസഫും ദൃശ്യം ടീമും. അഭിമുഖങ്ങള്‍ക്കിടെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളും ജീത്തു ജോസഫും പറയുന്ന കാര്യങ്ങളില്‍ നിന്ന് സിനിമയുടെ ഒരു ഔട്ട്ലൈന് അറിയാന്‍ പറ്റുമോ എന്ന് ആരാധകര്‍ ചെവിയോര്ത്തിരിക്കുന്നുണ്ട്. എന്നാല്‍ ഒന്നും വിട്ടു പറയാതെ ഇവരെല്ലാം സംസാരിക്കുന്നത്.
ഇപ്പോഴിതാ പ്രായം കൂടും തോറും ജോർജ് കുട്ടിക്ക് ഭയം പുറത്തു വരുന്നുണ്ടെന്നും ആ ഇമോഷനിലൂടെയാണ് ദൃശ്യം 3 മുന്നോട്ട് പോകുന്നതെന്നും പറയുകയാണ് ജീത്തു ജോസഫ്. ഇത്തവണ ജോർജുകുട്ടിയിലാണ് താൻ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നതെന്നും അയാളുടെ ഉള്ളിലെ ഭയവും അരക്ഷിതബോധവുമാണ് സിനിമയുടെ ഇതിവൃത്തമെന്നും ജീത്തു പറയുന്നു.
‘‘ദൃശ്യം 3-ന് സാധ്യതയുണ്ടോ എന്ന് ലാല്‍ സാര്‍ ചോദിച്ചപ്പോഴാണ് എന്റെ മനസ്സിലുള്ള ക്ലൈമാക്സ് ഐഡിയ ഞാന്‍ അദ്ദേഹത്തോട് പങ്കുവെച്ചത്. ആ ക്ലൈമാക്സ് ഐഡിയ ലാൽ സാറിന് വളരെയധികം ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് ബാക്കി കഥയിലേക്ക് ഞാൻ കടന്നത്. രണ്ടാം ഭാഗത്തോടെ എല്ലാം അവസാനിച്ചു എന്ന് എല്ലാവരും കരുതിയെങ്കിലും ജോർജുകുട്ടി മാത്രം അങ്ങനെ വിശ്വസിക്കുന്നില്ല. ആ ഭയമാണ് സിനിമയുടെ നട്ടെല്ല്.
ദൃശ്യം 3 മുൻ ഭാഗങ്ങളേക്കാൾ കൂടുതൽ ഇമോഷണലായ ചിത്രമായിരിക്കും. ഇത്തവണ ജോർജുകുട്ടിയിലാണ് ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. അയാളുടെ ഉള്ളിലെ ഭയവും അരക്ഷിതബോധവുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബം ഇപ്പോൾ സേഫ് ആണെന്നും ജോർജുകുട്ടി എല്ലാം പരിഹരിച്ചു എന്നും വിശ്വസിച്ച് അവർ സന്തോഷത്തോടെ കഴിയുകയാണ്. എന്നാൽ ഒരു അപരിചിതനെ കാണുമ്പോഴോ അസ്വാഭാവികമായ എന്തെങ്കിലും സംഭവിക്കുമ്പോഴോ ജോർജുകുട്ടി ഇന്നും സംശയാലുവാകുന്നു. കുടുംബത്തോട് ഈ ഭയം പങ്കുവെക്കാൻ അയാൾക്ക് താല്പര്യവുമില്ല... രണ്ടാം ഭാഗത്തിൽ കേസ് ക്ലോസ് ചെയ്തെങ്കിലും അത് വീണ്ടും ഓർഗാനിക് ആയി മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി... കുറ്റകൃത്യത്തിന് പുതിയ ട്വിസ്റ്റ് കൊണ്ടുവരുന്നതിനേക്കാൾ കഥാപാത്രങ്ങളുടെ വൈകാരികമായ വളർച്ചയ്ക്കാണ് മൂന്നാം ഭാഗത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്...’’ ജീത്തു ജോസഫ് പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ജോർജുകുട്ടിയുടെ പുതിയ യാത്രയെക്കുറിച്ച് മനസ്സ് തുറന്നത്.
ഗായിക ചിത്ര ഒരിക്കൽ ചോദിച്ച ചോദ്യമാണ് സിനിമയുടെ ചില വശങ്ങൾക്ക് പ്രചോദനമായതെന്നും ജീത്തു ജോസഫ് പറയുന്നു. ‘‘ഒരു പ്രൊമോഷന് പോയപ്പോള്‍ ചിത്ര ചേച്ചി ഒരു കാര്യം എന്നോട് ചോദിച്ചു. ജോര്‍ജുകുട്ടി അങ്ങനെ ചെയ്യുമോ എന്നായിരുന്നു അത്. അതൊരു ഐഡിയ ആയിരുന്നു. ആ ഐഡിയയിലാണ് ഞാന്‍ ദൃശ്യം 3 ആരംഭിക്കുന്നത്. ഞാനൊരു താങ്ക്സ് കാര്‍ഡ് വെക്കുന്നുണ്ടെന്ന് ചിത്ര ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്...’’ ജീത്തു പറയുന്നു.
ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.






