കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ യു.ഡി.എഫിന് നല്കിയ 102 സീറ്റുകളുടെ തിളക്കമാര്‍ന്ന വിജയം വെറും 11 ദിവസം കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം ചവറ്റുകുട്ടയിലെറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണം സ്തംഭിക്കുകയും ജനജീവിതം പ്രതിസന്ധിയിലാവുകയും ചെയ്യുമ്പോഴും, മുഖ്യമന്ത്രിയുടെ കസേരയ്ക്കായി ഡല്‍ഹിയിലും തിരുവനന്തപുരത്തും നടക്കുന്ന പടലപ്പിണക്കങ്ങള്‍ കേരള രാഷ്ട്രീയത്തിന് അപമാനകരമാണ്. ഒരു മാസത്തെ വോട്ടെടുപ്പ് കാലത്തെക്കാള്‍ വലിയ സ്തംഭനത്തിലേക്കാണ് പുതിയ സര്‍ക്കാര്‍ വരാത്തതുമൂലം സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസം ആയിട്ടും ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാപരമായ പാപ്പരത്തമാണ് വിളിച്ചുപറയുന്നത്. ഭരണത്തുടര്‍ച്ച ആഗ്രഹിക്കാതെ, യു.ഡി.എഫിനെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ഗ്രൂപ്പ് മാനേജര്‍മാര്‍ നടത്തുന്ന ചരടുവലികള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്നത് ജനങ്ങളുടെ ആവശ്യങ്ങളാണ്. ജനകീയ വികാരം ഒരാള്‍ക്കൊപ്പമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, സംഘടനാ സംവിധാനത്തിന്റെ കരുത്ത് മറ്റൊരാള്‍ക്കാണെന്ന് മറുവിഭാഗം അവകാശപ്പെടുന്നു. ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടും ഈ 'സസ്പെന്‍സ്' തുടരുന്നത് അണികളില്‍പ്പോലും അവമതിപ്പുണ്ടാക്കുന്നുണ്ട്.
മുഖ്യമന്ത്രിയില്ലാത്ത സംസ്ഥാനത്ത് ഉദ്യോഗസ്ഥ വൃന്ദം നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. ഫയലുകള്‍ നീങ്ങുന്നില്ല, ജനങ്ങളുടെ പരാതികളില്‍ നടപടിയില്ല. കേവലം ശമ്പള വിതരണവും സ്ഥലംമാറ്റങ്ങളും മാത്രമായി സെക്രട്ടേറിയറ്റ് ചുരുങ്ങിയിരിക്കുന്നു. ഭരണസ്തംഭനം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയ തീരുമാനങ്ങള്‍ വൈകുന്നത് ഭരണനിര്‍വഹണത്തെ ബാധിക്കുന്നത് ക്ഷമിക്കാനാവില്ല. അധികാരമേല്‍ക്കുന്നതിന് മുന്‍പേ ഗ്രൂപ്പ് പോര് തെരുവിലെത്തിക്കുന്ന പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കുകയാണ് ചെയ്യുന്നത്.
വിജയം ആഘോഷിക്കേണ്ട സമയത്ത്, അധികാര പങ്കിടലിനെച്ചൊല്ലി പരസ്പരം പാര വയ്ക്കുന്ന രീതി കോണ്‍ഗ്രസ് എന്നേ ഉപേക്ഷിക്കേണ്ടതായിരുന്നു. കെ. കരുണാകരന്, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ കാലം കഴിഞ്ഞുവെന്നും തലമുറമാറ്റം വന്നുവെന്നും അവകാശപ്പെടുമ്പോഴും പഴയ ഗ്രൂപ്പ് വൈരത്തിന്റെ പ്രേതം പാര്‍ട്ടിയെ വിട്ടുപോയിട്ടില്ല എന്ന് വ്യക്തം. ഒരു 'കറുത്ത കുതിര'യെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വരെ വരുന്നത് ഏകോപനമില്ലായ്മയുടെ ലക്ഷണമാണ്. അടിയന്തരമായി ഈ അനിശ്ചിതത്വം അവസാനിപ്പിച്ച്, ജനവിധി അംഗീകരിച്ചുകൊണ്ട് ഒരു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കഴിയണം.
സംസ്ഥാനത്തിന്റെ സാമ്പത്തിക നയരൂപീകരണവും വികസന പദ്ധതികളും പാതിവഴിയില്‍ നിലച്ചുനില്ക്കുമ്പോള്, വിവിധ വിഭാഗങ്ങള്‍ ഡല്‍ഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്തിനു മുന്നില്‍ ശക്തിപ്രകടനം നടത്തുന്നത് പരിഹാസ്യമാണ്. പുതിയ സര്‍ക്കാരിന്റെ തുടക്കത്തില്‍ ബജറ്റ് അവതരിപ്പിക്കാനും വിഹിതങ്ങള്‍ കൃത്യമായി വിനിയോഗിക്കാനും വകുപ്പുതല ആസൂത്രണങ്ങള്‍ പൂര്‍ത്തിയാക്കാനും ഭരണനേതൃത്വം അത്യന്താപേക്ഷിതമാണ്. സ്കൂള്‍ തുറക്കല്‍, പാഠപുസകം അച്ചടി, മഴക്കാലത്തെ നേരിടല്‍ എന്നിങ്ങനെ അടിയന്തരമായി ചെയ്യേണ്ട മറ്റ് അനേകം കാര്യങ്ങളുമുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഭരണസംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ജനപ്രതിനിധികള്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഒപ്പിക്കാന്‍ സമയം പാഴാക്കുന്നത് വോട്ട് നല്കിയ ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. ഭരണസംവിധാനം നിശ്ചലമാകുന്ന ഓരോ നിമിഷവും സംസ്ഥാനത്തിന്റെ പൊതുവായ പുരോഗതിക്കാണ് തുരങ്കം വയ്ക്കപ്പെടുന്നത്.
ജനാധിപത്യ സംവിധാനത്തില്‍ ഒരു മുന്നണിക്ക് ലഭിക്കുന്ന വിജയം ആ സഖ്യത്തില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വലിയ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ഈ വടംവലി കോണ്‍ഗ്രസിനുള്ളിലെ ഐക്യമില്ലായ്മ മാത്രമല്ല, ഘടകകക്ഷികളുമായുള്ള യു.ഡി.എഫിന്റെ കെട്ടുറപ്പിനെയും ചോദ്യം ചെയ്യുന്നുണ്ട്. ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത് കസേരകളി നടത്താനല്ല, മറിച്ച് തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളെ സേവിക്കാനാണ്. അധികാര ലഹരിയില്‍ ജനവിധിയെ അപമാനിക്കുന്ന ഈ നടപടി കോണ്‍ഗ്രസ് തുടരുകയാണെങ്കില്‍, അവര്‍ക്ക് ലഭിച്ച ഈ ഉജ്വല വിജയം വെറും ജലരേഖയായി മാറും. ഇനിയൊരു നിമിഷം പോലും വൈകാതെ ഭരണചക്രം തിരിക്കാന്‍ കെല്‍പ്പുള്ള ഒരു നേതാവിനെ പ്രഖ്യാപിക്കുക എന്നതാണ് കോണ്‍ഗ്രസ് ചെയ്യേണ്ട കുറഞ്ഞ മര്യാദ.






