
ദോഹ: ലോക ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് വീണ്ടും തിരശ്ശീല ഉയരാനിരിക്കെ കേരളത്തിന്റെ അഭിമാനമുയർത്തി മലയാളി താരം ഖത്തർ ജേഴ്സിയിൽ പന്തുതട്ടാനൊരുങ്ങുന്നു. 2026 ലോകകപ്പിനുള്ള ഖത്തർ ദേശീയ ടീമിന്റെ 34 അംഗ പ്രാഥമിക സ്ക്വാഡിലാണ് കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിൻ മുഹമ്മദ് ഇടംപിടിച്ചത്. ഇതോടെ ലോകകപ്പ് വേദിയിൽ മലയാളി സാന്നിധ്യമെന്നത് കേവലം സ്വപ്നമല്ല യാഥാർഥ്യമാകാൻ പോവുകയാണെന്ന ആവേശത്തിലാണ് കായികപ്രേമികൾ.ഖത്തർ ഫുട്ബോളിലെ ഇതിഹാസങ്ങളായ അക്രം അഫീഫ്, ഹസൻ അൽഹൈദോസ്, അൽമുഈസ് അലി തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം പത്തൊമ്പതുകാരനായ തഹ്സിനും സ്ക്വാഡിൽ ഇടംപിടിച്ചു എന്നത് താരത്തിന്റെ മികവിനുള്ള അംഗീകാരമാണ്.
സ്പാനിഷ് പരിശീലകൻ ജൂലൻ ലോപ്റ്റെഗിയുടെ തന്ത്രങ്ങളിൽ നിർണായക സാന്നിധ്യമായി ഈ മലയാളി താരം മാറിക്കഴിഞ്ഞു. നേരത്തെ യു.എ.ഇക്കെതിരായ നിർണായക മത്സരത്തിൽ ടീമിന്റെ ഭാഗമായിരുന്ന തഹ്സിൻ ബെഞ്ചിലുണ്ടായിരുന്നുവെങ്കിലും ടീമിന്റെ വിജയക്കുതിപ്പിൽ സാക്ഷിയായിരുന്നു.2021-ൽ അണ്ടർ 16 ടീമിലൂടെയാണ് തഹ്സിൻ തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അണ്ടർ 17, അണ്ടർ 19 ടീമുകളിലൂടെ വളർന്ന താരം ഖത്തർ സ്റ്റാർസ് ലീഗിലെ കരുത്തരായ അൽ ദുഹൈലിന്റെ സീനിയർ നിരയിലെത്തി.2024 മാർച്ചിൽ അൽ ദുഹൈലിനായാണ് പ്രൊഫഷണൽ അരങ്ങേറ്റംകുറിച്ചത്.ചൈനയിൽ നടന്ന അണ്ടർ 20 ഏഷ്യൻ കപ്പിൽ ഖത്തറിനായി നടത്തിയ മിന്നും പ്രകടനംതഹ്സിൻ മുഹമ്മദിന്റെ താര മൂല്യം വർധിപ്പിച്ചു.കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെ മകനായ തഹ്സിൻപ്രവാസ ലോകത്തെ മലയാളി കരുത്തിന്റെ പ്രതീകമാവുകയാണ്. വരാനിരിക്കുന്ന ലോകകപ്പിന്റെ അന്തിമ പട്ടികയിലും ഇടംനേടാനായാൽ ഫിഫ ലോകകപ്പിന്റെ പുൽമൈതാനിയിൽ പന്തുതട്ടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം തഹ്സിൻ സ്വന്തമാക്കും.ഖത്തർ ടീമിന്റെ മധ്യനിരയിലോ മുന്നേറ്റനിരയിലോ തഹ്സിന്റെ വേഗതയും ചടുലതയും ടീമിന് മുതൽക്കൂട്ടാകുമെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.
ഷഫീക്ക് അറയ്ക്കൽ

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)




