
തിരുവനന്തപുരം: കേരളത്തെ രക്ഷിച്ചെടുക്കാൻ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. വലിയൊരു ഉത്തരവാദിത്വമാണ് തന്നിലേക്ക് വന്നിരിക്കുന്നത്. ഇത് ദൈവനിയോഗമാണ്, വ്യക്തിപരമായ കാര്യമല്ല. ലക്ഷക്കണക്കിനു വരുന്ന യുഡിഎഫ് പ്രവർത്തകരും ടീം യുഡിഎഫുമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും എല്ലാവർക്കും നന്ദി പറയുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
ജനങ്ങൾ വലിയ ഉത്തരവാദിത്വമാണ് തന്നിൽ ഏൽപ്പിച്ചിരിക്കുന്നത്. സംഘടനാ കാര്യങ്ങൾക്കുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് കെ.സി വേണുഗോപാലാണ്. എല്ലാ കാര്യങ്ങൾക്കും അദ്ദേഹം പിന്തുണ നൽകി. പ്രചാരണത്തിന്റെ ചുമതല വഹിച്ച രമേശ് ചെന്നിത്തല തന്റെയും നേതാവാണ്.
ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. കൂട്ടായി പ്രവർത്തിക്കണം. എല്ലാവരോടും ആശയവിനിമയം നടത്തിയാണ് പാർട്ടി മുഖ്യമന്ത്രിയെ നിശ്ചയിച്ചത്. പ്രഖ്യാപനം വൈകിയതിൽ നാണക്കേടില്ല എന്നും വി.ഡി സതീശൻ പറഞ്ഞു.






