
അപകടത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പത്തൊന്‍പതുകാരി മൂന്നാഴ്ചയ്ക്ക് ശേഷം ഉണര്‍ന്നപ്പോള്‍ പങ്കുവെച്ച വിചിത്രമായ ഓര്‍മ്മകള്‍ ഡോക്ടര്‍മാരെയും ബന്ധുക്കളെയും ഒരുപോലെ അമ്പരപ്പിച്ചു. ഫ്രാന്‍സിലെ ലിയോണ്‍ സ്വദേശിയായ ക്ലീലിയ വെര്‍ഡിയര്‍ എന്ന പെണ്‍കുട്ടിയാണ് ജീവിതത്തില്‍ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങള്‍ തന്റെ യാഥാര്‍ത്ഥ്യമാണെന്ന് ഉറച്ചു വിശ്വസിച്ചത്. അപകടത്തെക്കുറിച്ചോ സ്വന്തം ആരോഗ്യത്തെക്കുറിച്ചോ ചോദിക്കുന്നതിന് പകരം, താന്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണെന്നും അവര്‍ എവിടെയാണെന്നുമാണ് ക്ലീലിയ ആദ്യം അന്വേഷിച്ചത്.
താാന്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും ഏഴ് വര്‍ഷത്തോളം അവരെ വളര്ത്തിയെന്നുമുള്ള ഉറച്ച വിശ്വാസത്തിലായിരുന്നു ക്ലീലിയ. മില, മൈല്‍സ്, മൈലി എന്നിങ്ങനെ മക്കള്‍ക്ക് പേരിട്ടതായും അതില്‍ മൈലി ജനിച്ച ഉടന്‍ മരിച്ചതായും അവര്‍ ഓര്‍ത്തെടുത്തു. കുഞ്ഞുങ്ങളെ ആദ്യമായി സ്പര്‍ശിച്ചതും അവര്‍ക്ക് ഭക്ഷണം നല്കിയതും ഉറക്കാന്‍ നേരം കഥകള്‍ പറഞ്ഞുകൊടുത്തതുമായ ഏഴ് വര്‍ഷത്തെ ജീവിതം തന്റെ തലച്ചോറില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞിരുന്നുവെന്ന് ക്ലീലിയ പറയുന്നു.
എന്നാല്‍ ക്ലീലിയ ഇതുവരെ ഗര്‍ഭിണിയായിട്ടില്ലെന്നും ഈ ഓര്‍മ്മകളെല്ലാം അബോധാവസ്ഥയില്‍ തലച്ചോര്‍ സ്വയം സൃഷ്ടിച്ചെടുത്തതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ബോധം തിരിച്ചുകിട്ടിയ ശേഷം മാതാപിതാക്കളെ കണ്ടപ്പോള്‍ അവര്‍ മുത്തച്ഛനും മുത്തശ്ശിയുമായി മാറിയെന്ന് ക്ലീലിയ വിശ്വസിച്ചു. തന്റെ മക്കളെ കാണാന്‍ അനുവദിക്കണമെന്ന് കരഞ്ഞു പറഞ്ഞ പെണ്‍കുട്ടിക്ക്, അതെല്ലാം വെറും തോന്നലുകള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഏറെ സമയമെടുത്തു.
യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്വപ്നലോകത്തായിരുന്നു ക്ലീലിയയുടെ മനസ്സ് സഞ്ചരിച്ചിരുന്നത്. 'ഒരു സ്വപ്നമായിരുന്നെങ്കില്‍ പോലും ഞാന്‍ ഒരു അമ്മയായി ജീവിച്ചു' എന്നാണ് ക്ലീലിയ ഈ അനുഭവത്തെക്കുറിച്ച് പ്രതികരിച്ചത്. അതിശക്തമായ ആ മാനസിക വ്യാപാരങ്ങള്‍ ഒടുവില്‍ കെട്ടടങ്ങിയെങ്കിലും, താന്‍ സ്നേഹിച്ച മക്കള്‍ വെറും സങ്കല്പം മാത്രമായിരുന്നുവെന്ന തിരിച്ചറിവ് ക്ലീലിയയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.






