
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച സ്വര്‍ണമത്സ്യം എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ 'ടിഷ്' എന്ന മത്സ്യത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകം സൃഷ്ടിക്കുന്നത്. 1956ല്‍ ബ്രിട്ടനിലെ ഒരു മേളയില്‍ നിന്നാണ് പീറ്റര്‍ ഹാന്‍ഡ് എന്ന ഏഴുവയസ്സുകാരന് ടിഷിനെ സമ്മാനമായി ലഭിക്കുന്നത്. സാധാരണയായി 10 മുതല്‍ 15 വര്‍ഷം വരെ മാത്രം ആയുസ്സുള്ള ഗോള്ഡ്ഫിഷുകളുടെ ഇടയിലാണ്, അവിശ്വസനീയമായ വിധം 43 വര്‍ഷത്തോളം ടിഷ് ജീവിച്ചുതീര്‍ത്തത്. പീറ്റര്‍ വളര്‍ന്ന് വീടുവിട്ടതോടെ അമ്മ ഹില്‍ഡ ഹാന്‍ഡ് ആണ് പിന്നീട് ഈ മത്സ്യത്തെ പരിരക്ഷിച്ചത്.
ടിഷിന്റെ ദീര്‍ഘായുസ്സിന് പിന്നിലെ രഹസ്യം ശാന്തമായ അന്തരീക്ഷവും കൃത്യമായ ഭക്ഷണക്രമവുമാണെന്ന് ഉടമകള്‍ വിശ്വസിക്കുന്നു. പ്രായമേറിയതോടെ ടിഷിന്റെ ഓറഞ്ച് നിറം മാറി വെള്ളി നിറമായി മാറിയിരുന്നു. ഇതിനിടയില്‍ ഒരിക്കല്‍ പാത്രത്തില്‍ നിന്ന് പുറത്തുചാടി അപകടത്തില്‍പ്പെട്ടെങ്കിലും അത്ഭുതകരമായി ടിഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ടിഷിനൊപ്പമുണ്ടായിരുന്ന 'ടോഷ്' എന്ന മറ്റൊരു മത്സ്യം 19-ാം വയസ്സില്‍ ചത്തുപോയെങ്കിലും, ടിഷ് 1999 ഓഗസ്റ്റ് 6 വരെ ആയുസ്സോടെ ഇരുന്നു.
വളര്‍ത്തുമൃഗമെന്ന നിലയില്‍ സ്വര്‍ണമത്സ്യങ്ങള്‍ അല്പ്പായുസ്സുകളാണെന്ന പൊതുധാരണ മാറ്റാന്‍ ടിഷിന്റെ ജീവിതത്തിന് കഴിഞ്ഞു. ശരിയായ പരിചരണവും ശുദ്ധജലവും ലഭിച്ചാല്‍ പതിറ്റാണ്ടുകളോളം ഇവയ്ക്ക് ജീവിക്കാന്‍ കഴിയുമെന്ന് ടിഷ് തെളിയിച്ചു. എന്നാല്‍ അക്വേറിയങ്ങളില്‍ സൗമ്യരായി കാണപ്പെടുന്ന ഈ മത്സ്യങ്ങള്‍ നദികളിലോ കനാലുകളിലോ എത്തിയാല്‍ അപകടകാരികളായ 'അധിനിവേശ വര്‍ഗമായി' മാറുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
അക്വേറിയത്തിന് പുറത്തെത്തിയാല്‍ ഗോള്‍ഡ്ഫിഷുകള്‍ അനിയന്ത്രിതമായി വളരുകയും ജലസ്രോതസ്സുകളുടെ സ്വാഭാവിക ഘടനയെ നശിപ്പിക്കുകയും ചെയ്യും. ഇവ അടിത്തട്ടിലെ സസ്യങ്ങള്‍ നശിപ്പിക്കുകയും മറ്റ് മത്സ്യങ്ങളുടെ മുട്ടകള്‍ ആഹാരമാക്കുകയും ചെയ്യുന്നതിലൂടെ ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഒരു വര്‍ഷം കൊണ്ട് 220 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവയെ അതീവ കരുത്തരായ അധിനിവേശ ജീവികളായാണ് ശാസ്ത്രലോകം ഇപ്പോള്‍ കണക്കാക്കുന്നത്.






