
ദോഹ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച വാർത്ത ആവേശപൂർവ്വമാണ് ഖത്തറിലെ യു.ഡി.എഫ് പ്രവർത്തകർ ഏറ്റെടുത്തത്. പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രവാസലോകത്തെ സജീവ സംഘടനകളായ ഇൻകാസ് ഖത്തറും കെ.എം.സി.സിയും വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.പ്രവർത്തകർ വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മുദ്രവാക്യങ്ങൾ വിളിച്ചുകൊണ്ട് മധുരപലഹാരങ്ങൾ വിതരണംചെയ്തു.ഇന്ന് വെള്ളിയാഴ്ച്ച വാരാന്ത്യ അവധിയായതിനാൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഖത്തറിലെ പ്രവാസികളുമായി സജീവ ബന്ധം പുലർത്തിയിരുന്ന നേതാവാണ് വി.ഡി. സതീശൻ. 2026 ജനുവരി 9ന് ഇൻകാസ് ഖത്തർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുക്കാനായാണ് ഏറ്റവും ഒടുവിൽ അദ്ദേഹം ദോഹയിലെത്തിയത് .
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സതീശന്റെ മുൻപത്തെ ഖത്തർ സന്ദർശന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് 'സതീശൻ ഇഫക്റ്റ്' പ്രവാസികൾ ആഘോഷമാക്കി. തങ്ങളുടെ പ്രിയ നേതാവ് ഭരണത്തലവനായി എത്തുമ്പോൾ അത് പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ജനുവരിയിൽ ഖത്തറിലെത്തിയപ്പോൾ അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്പ്രവാസികൾ.
കേരളത്തിന്റെ വികസന കുതിപ്പിന് വി.ഡി സതീശന്റെ നേതൃത്വം പുത്തൻ ഉണർവ് നൽകുമെന്നും, പ്രവാസി ക്ഷേമ കാര്യങ്ങളിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവർത്തകർ.ഇൻകാസിന്റെയും കെ എം സി സി യുടെയും ഖത്തറിലെ പ്രമുഖനേതാക്കൾ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞചടങ്ങിൽ പങ്കെടുക്കും.
ഷഫീക്ക് അറയ്ക്കൽ

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)




